NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ന്, കരിപ്പൂര്‍ വിമാന ദുരന്തത്തിന് അഞ്ചാണ്ട്; നാളെ കവളപ്പാറ ദുരന്തത്തിന് ആറാണ്ട്, മുറിവുണങ്ങാതെ ജില്ല 

 

മലബാറിന്റെ ആകാശ സ്വപ്നങ്ങള്‍ക്ക്‌മേല്‍ കരിനിഴല്‍ വീഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് അഞ്ച് വർഷം. അതിതീവ്ര മഴയും കാറ്റും അപകടകരമായ കാലാവസ്ഥ സൃഷ്ടിച്ചപ്പോള്‍ 2020 ആഗസ്ത് ഏഴിന് വൈകുന്നേരമാണ് കേരളത്തെ നടുക്കിയ വിമാന ദുരന്തം സംഭവിച്ചത്. അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്ബോള്‍ ആ ദുരന്തത്തിന്റെ ഓർമ്മകള്‍ ഇന്നും മാഞ്ഞുപോയിട്ടില്ല.

കൊവിഡ് കാലത്ത്, വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്നും 190 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് റണ്‍വേയുടെ റെസ ഏരിയയും പിന്നിട്ട് കിഴക്കുഭാഗത്തെ ചെരിവിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 100 മീറ്റർ താഴേക്ക് പതിച്ച വിമാനം മൂന്നായി പിളർന്നു. രണ്ട് പൈലറ്റുമാരടക്കം 21 പേരുടെ ജീവൻ നഷ്ടപ്പെട്ട ഈ അപകടത്തില്‍ 169 പേർക്കാണ് പരിക്കേറ്റത്.

മലബാറിലെ പ്രധാന വിമാനത്താവളമായ കരിപ്പൂർ ഗള്‍ഫ് പ്രവാസികളുടെ ഇഷ്ടവിമാനത്താവളമായിരുന്നു. വിമാന അപകടത്തിന് ശേഷം ടേബിള്‍ ടോപ്പ് റണ്‍വേയുടെ നീളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് നിറുത്തിവയ്ക്കുകയും ചെയ്തു. വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ എത്താതായതോടെ യാത്രയ്ക്കും ചരക്ക് നീക്കത്തിനും ചെറുവിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് യാത്രാചെലവിലും ചരക്ക് കയറ്റുമതിയിലും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു.

പ്രധാന എയർലൈൻ കമ്ബനികളുടെ വൈഡ് ബോഡി വിമാനങ്ങള്‍ സർവീസ് നടത്തിയിരുന്ന സമയത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് കയറ്റുമതി രംഗത്ത് വലിയ കുതിപ്പാണ് വിമാനത്താവളം വഴി ഉണ്ടായിരുന്നത്. സമീപപ്രദേശങ്ങളിലെ കാർഷിക ഉത്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവ വലിയ രീതിയില്‍ കയറ്റുമതി ചെയ്തിരുന്നു.

സംസ്ഥാനത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ പ്രധാന ഇടമായ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സർവീസ് നടത്താത്തതിനാല്‍ യാത്രാനിരക്കില്‍ മറ്റു പുറപ്പെടാൻ കേന്ദ്രങ്ങളെ അപേക്ഷിച്ച്‌ 35,000 രൂപയ്ക്കും മുകളില്‍ അധിക നിരക്ക് നല്‍കേണ്ടി വരുന്നു. കോഡ് സി വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ ആണ് ഇവിടെ നിന്നും സർവീസ് നടത്തുന്നത്. ഇത്തരം വിമാനത്തില്‍ ലഗേജ് അടക്കം 160തോളം തീർത്ഥാടകർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക.

ദുരന്തത്തിന്റെ ഓർമ്മകളില്‍ കവളപ്പാറ:

വർഷം ആറായെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ…എന്നാല്‍ ദുരന്തത്തിന്റെ ഓർമ്മകളില്‍ നിന്നുള്ള അതിജീവനം പ്രയാസകരമാണെന്നാണ് ഇവരെല്ലാം പറയുന്നത്. ആ ദുരന്ത രാത്രി ഓർക്കുമ്ബോള്‍ കണ്ണില്‍ ഇരുട്ട് പടരും…കണ്ണീരൊഴുകും…പിന്നെ കുറച്ച്‌ നേരത്തേക്ക് മൗനം മാത്രം.

2019 ആഗസ്റ്റ് എട്ടിന് പെയ്ത തോരാമഴയില്‍ കവളപ്പാറയിലെ മുത്തപ്പൻ മലയിലെ ഒരുഭാഗം അടർന്ന് കുത്തിയൊലിച്ച്‌ ഒരു ഗ്രാമത്തേയും 59 ജീവനുകളെയുമാണ് കവർന്നെടുത്തത്. കണ്ടെടുക്കാനാവാതെ 11 പേർ മണ്ണിനടിയില്‍ എവിടെയോ ഇപ്പോഴും ഉറങ്ങുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഉറ്റവരും ഉടയവരും. മലയുടെ താഴ്ഭാഗത്ത് ദുരന്തത്തിന്റെ ശേഷിപ്പുകളെന്ന പോലെ മണ്‍കൂനകള്‍ ഇന്നും കാണാം.

മഴയൊന്ന് ശക്തി പ്രാപിച്ചാല്‍ കവളപ്പാറ ദുരന്തഭൂമിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന 72 കുടുംബങ്ങളിലും ഭീതി കനക്കും. ദുരന്ത ഭീഷണി നേരിടുന്ന മുത്തപ്പൻകുന്നിന് 200 മീറ്റർ ചുറ്റളവിലുള്ള 186 കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചപ്പോഴും 72 കുടുംബങ്ങള്‍ ദുരന്ത ഭൂമിയുടെ പരിസര പ്രദേശങ്ങളിലുണ്ട്.

മഴ ശക്തി പ്രാപിച്ചാല്‍ കവളപ്പാറ ദുരന്തം ആവർത്തിക്കുമോ എന്ന ചിന്ത ഓടിയെത്തും. പിന്നെ ഉറങ്ങാൻ സാധിക്കില്ല. വീണ്ടും ദുരന്തം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാല്‍ പൂർണ്ണ പുനരധിവാസം ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയില്‍ കേസ് നല്‍കിയെങ്കിലും തീരുമാനമായില്ല. 25 ആദിവാസി കുടുംബങ്ങളും 30 ജനറല്‍ വിഭാഗം കുടുംബങ്ങളും മുത്തപ്പൻമലയ്ക്ക് താഴ്വാരത്തും ശേഷിക്കുന്ന 17 കുടുംബങ്ങള്‍ കവളപ്പാറ തോടിന് ഇരുവശങ്ങളിലുമായാണ് താമസിക്കുന്നത്.

മുത്തപ്പൻ മലയുടെ 40 ശതമാനം മാത്രമാണ് ഇടിഞ്ഞിട്ടുള്ളത്. ശേഷിക്കുന്ന ഭാഗം ഏത് നിമിഷവും ഇടിയാമെന്ന മുന്നറിയിപ്പോടെ നിലനില്‍ക്കുന്നുണ്ട്. മഴ കനത്താല്‍ പ്രദേശവാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറിത്താമസിക്കാനുള്ള അധികൃതരുടെ ഉത്തരവെത്തും. മഴയൊന്ന് അടങ്ങിയാല്‍ തിരികെ തങ്ങളുടെ മണ്ണിലേക്ക്. കഴിഞ്ഞ നാല് വർഷമായുള്ള പതിവ് കാഴ്ചയാണിത്.

ദുരന്ത പ്രദേശത്ത് ആളൊഴിഞ്ഞ് കാട് പിടിച്ചതിനാല്‍ ഇടയ്ക്ക് ആനകളെത്താറുണ്ട്. ഇടയ്ക്ക് ജനവാസ പ്രദേശങ്ങളിലും ആനകളെ കണ്ടവരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *