സിപിഐ മലപ്പുറം ജില്ലാ സമ്മേളനം പരപ്പനങ്ങാടിയിൽ സമാപിച്ചു: ജില്ലാ സെക്രട്ടറിയായി മൂന്നാം തവണയും പി കെ കൃഷ്ണദാസ്; നിലമ്പൂരിൽ സൂപ്പർ സ്പെഷ്യാലി ആശുപത്രി സ്ഥാപിക്കണമെന്ന് പ്രമേയം


പരപ്പനങ്ങാടി : സിപിഐ 25 -ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പരപ്പനങ്ങാടിയിൽ നടന്ന് വന്ന പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം സമാപിച്ചു.
സമാപന സമ്മേളനത്തിൽ വെച്ച് 7 വനിതകൾ അടങ്ങുന്ന 50 അംഗ ജില്ലാ കൗൺസിനേയും, 18 സംസ്ഥാന സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു.
പി.കെ. കൃഷ്ണദാസ് മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി തുടരും.
നിലമ്പൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആദിവാസി സമൂഹം തിങ്ങിപാർക്കുന്ന പ്രദേശമായ നിലമ്പൂർ, ആരോഗ്യ രംഗത്ത് വിദഗ്ദ ചികിത്സക്ക് ആശ്രയിക്കുന്നത് നിലവിൽ വിദൂരങ്ങളിലുള്ള ആശുപത്രികളേയാണ്.
ഇതുമൂലം ജീവനു പോലും ഭീഷണിയാവുകയാണ്. ആദിവാസികൾ ചികിത്സക്കായി നിലമ്പൂരിലുള്ള ആശുപത്രികളെ സമീപിച്ചാൽ അഡ്മിറ്റ് ചെയ്യാൻ പോലും തയ്യാറാകാതെ വിദൂരങ്ങളിലുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ആദിവാസികൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന തരത്തിൽ നിലമ്പൂർ കേന്ദ്രമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്നാണ് സമ്മേളനം ആവശ്യപ്പെട്ടത്.
ഭിന്നശേഷിക്കാർക്ക് സ്വകാര്യ തൊഴിൽ മേഖലയിൽ സംവരണം ഏർപ്പെടുത്തണം, പട്ടികജാതി വിഭാഗത്തിൻ്റെ ജാതി സെൻസസ് നടത്തണം, കേരളത്തിന് എയിംസ് അനുവദിക്കണം തുടങ്ങിയ 12 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, പി പി സുനീർ എം പി, സത്യൻ മൊകേരി , രാജാജി മാത്യു തോമസ് തടങ്ങിയവർ അഭിവാദ്യം ചെയ്തു. അജിത് കൊളാടി, പികെ കൃഷ്ണദാസ് മറുപടി പ്രസംഗം നടത്തി. പ്രിസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സി. പി. സക്കരിയ്യ നന്ദി പറഞ്ഞു.