പൊതു വിദ്യാഭ്യാസരംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കുകയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി


അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല എന്നതാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏറനാട് നിയോജകമണ്ഡലത്തിലെ പത്തപ്പിരിയം ഗവ.യു.പി.സ്‌കൂളില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 3.90 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്തവര്‍ഷം മുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സിലബസ് ഏകീകരിക്കും. ഇഷ്ടമുള്ള സിലബസ് പഠിപ്പിക്കാന്‍ അനുവദിക്കില്ല. ഒന്നാം ക്ലാസ് പ്രവേശനത്തിന് സംഭാവന വാങ്ങുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്നും ന്യായമായ ശമ്പളം അണ്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ അധ്യാപകര്‍ക്ക് നല്‍കണമെന്നും മന്ത്രി പറഞ്ഞു.
യാഥാസ്ഥിതിക മനോഭാവത്തോടെ വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണങ്ങളെ എതിര്‍ക്കുന്നവര്‍ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
പി.കെ ബഷീര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന് ഷിജു കൃഷ്ണ, വിദ്യ കിരണം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ്, വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, എടവണ്ണ ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ടി അന്‍വര്‍, ട്രഷറര്‍ വി അര്‍ജ്ജുനന്‍, ഹെഡ് മാസ്റ്റര്‍ എന്‍ കെ കിഷോര്‍ കുമാര്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
എടവണ്ണ ഗ്രാമപഞ്ചായത്തിലെ ഒതായി ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. വിദ്യ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3.90 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. പി കെ ബഷീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി ടി എ പ്രസിഡണ്ട് പി കെ ബുജൈര്‍, വിദ്യ കിരണം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ്, എടവണ്ണ ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ടി അന്‍വര്‍, എടവണ്ണ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ബാബുരാജന്‍, എടവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹംന അലി അക്ബര്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ റൈഹാനത്ത് കുറുമാടന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ സമദ്, അരീക്കോട് എ ഇ ഒ അബ്ദുള്‍ ഗഫൂര്‍, ഹെഡ് മാസ്റ്റര്‍ മുജീബ് റഹ്മാന്‍ പന്തലിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.