ദുരൂഹത ഒഴിയാതെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും


കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ജയിലിൽ നിന്നും പുറത്ത് കടക്കാൻ ഗോവിന്ദച്ചാമിക്ക് ഏന്തെങ്കിലും സഹായം ലഭിച്ചോ എന്നതായിരിക്കും പ്രധാനമായും അന്വേഷിക്കുക. സഹതടവുകാരിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കും.
സെൽ മുറിച്ച് പുറത്തെത്തിയ ശേഷം 3 മിനുട്ട് നേരം ജയിലിൻ്റെ വരാന്തയിൽ നിന്നത് സിസിടിവിയിൽ ദൃശ്യമായിട്ടും അറിഞ്ഞില്ലെന്ന ജയിലർമാരുടെ വാദവും പൊലീസിൻ്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടും. ഇതിനിടെ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിയ്ക്ക് സമർപ്പിക്കും. ജയിൽ ഡിഐജി വി. ജയകുമാറിൻ്റെ അന്വേഷണ റിപ്പോർട്ടാണ് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് ഇന്ന് സമർപ്പിക്കുക. റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം നേരത്തെ പൊലീസ് കോടതിയിൽ നൽകിയ തടവ് ചാടൽ വകുപ്പ് മാത്രം ഉൾപ്പെടുത്തിയ എഫ്ഐആറിൽ പൊതു മുതൽ നശിപ്പിച്ച വകുപ്പ് കൂടെ ചേർക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അന്വേഷണം ഒരു വശത്ത് പുരോഗമിക്കുമ്പോഴും മറുവശത്ത് സംശയങ്ങളും ദുരൂഹതകളും കുമിഞ്ഞ് കൂടുകയാണ്. പി വി അൻവർ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം പുനരാവിഷ്ക്കരിച്ച് ഉന്നയിച്ച ചോദ്യങ്ങളിൽ പലതും പൊതുജനങ്ങളുടെ ആ സംശയങ്ങൾ വർധിപ്പിക്കുകയാണ്.