NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഞെട്ടിക്കുന്ന കണ്ടെത്തൽ: ഉപയോഗിച്ച എൻജിൻ ഓയിലിന് വൻ ഡിമാൻഡ്; ഭക്ഷ്യ എണ്ണയിൽ മായം ചേർക്കാൻ സാധ്യതയെന്ന് ആശങ്ക; പിന്നിൽ തമിഴ്നാട് ലോബി..!

പ്രതീകാത്മക ചിത്രം

ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന എൻജിൻ ഓയിലിന് തമിഴ്‌നാട്ടിൽ നിന്ന് വൻ ഡിമാൻഡ് വർധിക്കുന്നു. വെളിച്ചെണ്ണയുൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുതിച്ചുയർന്നതോടെയാണ് ഈ പ്രതിഭാസം. ഇത് ഉപയോഗിച്ച എൻജിൻ ഓയിൽ ഭക്ഷ്യ എണ്ണകളിൽ മായം ചേർക്കാൻ ഉപയോഗിക്കുന്നുണ്ടോ എന്ന ഗുരുതരമായ സംശയങ്ങൾക്ക് വഴിയൊരുക്കുന്നു.

മുമ്പ് 20-30 രൂപയ്ക്ക് വിറ്റിരുന്ന ഉപയോഗിച്ച എൻജിൻ ഓയിലിന് നിലവിൽ ലിറ്ററിന് 50 രൂപ വരെയാണ് വർക്ക്‌ഷോപ്പുകളിൽ ലഭിക്കുന്നത്. തടിയറക്കുന്ന മില്ലുകളും വാർക്കതകിട് വാടകയ്ക്ക് നൽകുന്നവരുമായിരുന്നു മുൻകാലങ്ങളിൽ ഇതിന്റെ പ്രധാന ആവശ്യക്കാർ.

എന്നാൽ, മാസങ്ങൾക്ക് മുൻപ് വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രം വന്നിരുന്ന തമിഴ്‌നാട്ടിലെ കച്ചവടക്കാർ അടുത്ത കാലത്തായി എല്ലാ മാസവും ഓയിൽ വാങ്ങാൻ എത്തുകയാണെന്ന് വർക്ക്‌ഷോപ്പ് ഉടമകൾ.

ഇന്ന് നിരത്തിലുള്ള വലിയ വാഹനങ്ങളിൽ 60 ശതമാനവും പുതിയ സാങ്കേതികവിദ്യയുള്ളവയാണ്. കൃത്യമായ ഇടവേളകളിൽ എൻജിൻ ഓയിൽ മാറ്റേണ്ടത് അനിവാര്യമായതിനാൽ ഉപയോഗിച്ച ഓയിലിന്റെ ലഭ്യതയും വർധിച്ചിട്ടുണ്ട്. എന്നാൽ, ഉപയോഗിച്ച ഓയിലിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്.

തമിഴ്‌നാട്ടിലെ കച്ചവടക്കാർ കൊണ്ടുപോകുന്ന ഉപയോഗശൂന്യമായ എൻജിൻ ഓയിൽ ഭക്ഷ്യ എണ്ണകളിൽ കലർത്തുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധന സംവിധാനങ്ങൾ നിലവിൽ കേരളത്തിലില്ല. കാർബണിന്റെ അംശം കൂടുതലുള്ള ഈ ഓയിൽ ഉള്ളിൽ ചെന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന നല്ലെണ്ണ, വിളക്കെണ്ണ എന്നിവയിൽ നേരത്തേ ഇത് ചേർത്തിരുന്നുവെന്ന പരാതികളും നിലവിലുണ്ട്.

 

ഈ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്ഷ്യ എണ്ണയുടെ പരിശോധന ശക്തമാക്കണമെന്നും ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ വിഷയത്തിൽ വേഗത്തിലുള്ള ഇടപെടൽ അത്യാവശ്യമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *