സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ജയിൽ ചാട്ടം കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷിക്കും


സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ 4 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ജയിൽ ഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷിക്കും.
കണ്ണൂർ തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽനിന്നുമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടാനായത്. ഗോവിന്ദച്ചാമി ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. ആളുകൾ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിക്കുകയായിരുന്നു.
സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പുലർച്ചെ 1.15 നാണ് ജയിൽ ചാടിയത്. കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു.
ഈ സമയത്ത് പുറത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരുന്നു. ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്. എന്നാൽ ജയിലുദ്യോഗസ്ഥർ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ട് ജയിൽ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥർ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്ന് മണിക്കൂറുകൾ പിന്നിട്ടിരുന്നു.
ശേഷം ഏഴ് മണിയോടെയാണ് പ്രതി ജയിൽ ചാടിയെന്ന വിവരം ജയിലധികൃതർ പൊലീസിനെ അറിയിക്കുന്നത്. ഇതോടെയാണ് ജയിലിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്. ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.