NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് വിതരണം അടുത്ത ആഴ്‌ച മുതൽ ആരംഭിക്കും

പ്രതീകാത്മക ചിത്രം

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ സർട്ടിഫിക്കറ്റുകളുടെ വിതരണം അടുത്ത ആഴ്‌ച മുതൽ ആരംഭിക്കുമെന്ന് പരീക്ഷാഭവൻ അറിയിച്ചു. നാലേകാൽ ലക്ഷത്തിലേറെ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്.

 

അടുത്ത ആഴ്‌ച ആദ്യം തന്നെ സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലേക്ക് (ഡി.ഇ.ഒ.) അയക്കും. അവിടെനിന്ന് സ്‌കൂൾ അധികൃതർ നേരിട്ട് വാങ്ങി വിദ്യാർഥികൾക്ക് വിതരണം ചെയ്യും. ഉപരിപഠനത്തിനായി സർട്ടിഫിക്കറ്റ് അടിയന്തരമായി ആവശ്യമുള്ള വിദ്യാർഥികൾക്ക് ഡിജി ലോക്കറിൽ നിന്ന് സോഫ്റ്റ്കോപ്പി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നേരത്തേ ലഭ്യമാക്കിയിട്ടുണ്ട്.

 

സേ-ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ഉൾപ്പെടുത്തിയാണ് ഇത്തവണ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ഉയർന്ന സുരക്ഷാ സംവിധാനങ്ങളോടെയാണ് സർട്ടിഫിക്കറ്റുകൾ അച്ചടിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തിന് പുറത്തുള്ള സെക്യൂരിറ്റി പ്രസ്സിൽ സർട്ടിഫിക്കറ്റിന്റെ ബ്ലാങ്ക് ഫോം അച്ചടിക്കും. തുടർന്ന്, കുട്ടികളുടെ വ്യക്തിഗത വിവരങ്ങളും മാർക്കുകളും ഉൾപ്പെടെയുള്ള ബയോഡാറ്റ പരീക്ഷാഭവനിലെ പ്രിൻ്റിങ് മെഷീനുകൾ ഉപയോഗിച്ച് അച്ചടിക്കുകയാണ് ചെയ്യുന്നത്.

വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടി. മാർക്ക് ലിസ്റ്റ് ആവശ്യമുള്ള വിദ്യാർഥികൾക്ക് ഓഗസ്റ്റ് രണ്ടാം ആഴ്‌ച മുതൽ ഇത് ലഭ്യമാകും. കേരളത്തിന് പുറത്തും വിദേശത്തും പഠിക്കുന്നതിനായി അതിനകം മാർക്ക് ലിസ്റ്റ് വേണ്ടവർക്ക്, പഠിക്കുന്ന സ്ഥാപനം വഴി അപേക്ഷിച്ചാൽ ലഭ്യമാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരീക്ഷാഭവൻ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *