തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി കേന്ദ്രത്തിന് ചീക്കോട് സ്ഥലം കണ്ടെത്തി; സംയുക്ത സംഘം പരിശോധിക്കും,; മറ്റു സ്ഥലങ്ങളും പരിഗണനയിൽ..!


മലപ്പുറം ജില്ലയില്‍ തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള അനിമല്‍ ബർത്ത് കണ്‍ട്രോള്‍ (എ.ബി.സി) കേന്ദ്രത്തിന് സ്ഥലം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങള്‍ പരിശോധിക്കാനൊരുങ്ങി സംയുക്ത സംഘം.
കൊണ്ടോട്ടി ചീക്കോടിലാണ് പ്രാഥമികമായി സ്ഥലം നോക്കിയിട്ടുള്ളത്. കൊണ്ടോട്ടി, തിരൂർ എന്നിവിടങ്ങളിലെ റവന്യൂ ഭൂമിയും പരിഗണനയിലുണ്ട്. ജില്ലാ കളക്ടർ വി.ആർ.വിനോദിന്റെ നിർദ്ദേശപ്രകാരം തദ്ദേശ വകുപ്പ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതിനിധി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം പരിശോധിക്കുക.
സംസ്ഥാനത്ത് എ.ബി.സി കേന്ദ്രമില്ലാത്ത ഏക ജില്ലയാണ് മലപ്പുറം.
ഓപ്പറേഷൻ തിയേറ്റർ, പ്രീഓപ്പറേറ്റിംഗ് കെയർ, വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവുണങ്ങുന്നത് വരെ ശുശ്രൂഷിക്കാനായുള്ള പോസ്റ്റ് ഓപ്പറേറ്റിംഗ് കെയർ, ഡോക്ടർമാർക്ക് താമസിക്കാനുള്ള സൗകര്യം എന്നിവ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.
നേരത്തെ കുടുംബശ്രീ പ്രവർത്തകർക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള ചുമതല നല്‍കിയിരുന്നതെങ്കിലും വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് പറഞ്ഞ് ഹൈക്കോടതി വിലക്കുകയായിരുന്നു. 2016ല്‍ ആരംഭിച്ച ജില്ലയിലെ തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങള്‍ 2020ല്‍ നിറുത്തുകയായിരുന്നു. ഈ കാലയളവില്‍ 3,307തെരുവുനായകളെയാണ് വന്ധ്യംകരിച്ചത്.