NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രിയ സഖാവിനെ കാണാൻ ജനസാഗരം; ദർബാർ ഹാളിൽ പൊതുദർശനം, ഉച്ചകഴിഞ്ഞ് പുന്നപ്രയിലേക്ക്, ഗതാഗത നിയന്ത്രണം

ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്നു വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹം കവടിയാറിലെ വീട്ടിൽ നിന്ന് രാവിലെ ഒമ്പതോടെ ദർബാർ ഹാളിലേക്ക് എത്തിക്കും.

പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെക്കും.

 

തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ആലപ്പുഴ പൊലീസ് റീക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും. വിഎസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിഎസ് അച്യുതാനന്ദൻ്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസിൻ്റെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

 

ഇന്നലെ വൈകിട്ട് 3.20 നാണ് വിഎസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വിഎസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ.

Leave a Reply

Your email address will not be published. Required fields are marked *