സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം


കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകിയത്. സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു.
സംഭവത്തിൽ കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം.
രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. അതേസമയം അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചില്ല എന്നാണ് ആരോപണം ഉയരുന്നത്.