ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾക്ക് യാതൊരു തകരാറുകളും ഇല്ല; ബോയിങ് വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലം പുറത്തുവിട്ട് എയർ ഇന്ത്യ


രാജ്യത്തെ ബോയിങ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലം പുറത്തുവിട്ട് എയർ ഇന്ത്യ. ബോയിങ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് പരിശോനയിലൂടെ ഉറപ്പിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ ‘ഫ്യുവൽ കൺട്രോൾ സ്വിച്ചു’കൾ പരിശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.
എല്ലാ ബോയിങ് 787-8 വിമാനങ്ങളിലും ബോയിങ് മെയിന്റനൻസ് ഷെഡ്യൂളിന്റെ ഭാഗമായി ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ (ടിസിഎം) മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഈ മൊഡ്യൂളിൻ്റെ ഭാഗമാണ്. പൈലറ്റുമാർ ജാഗരൂകരായിരിക്കണമെന്നും എന്തെങ്കിലും സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻതന്നെ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീലൈനർ വിമാനമാണ് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് വെറും 3 സെക്കൻഡിനുള്ളിൽ തകർന്നത്. എൻജിനിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതാണ് അപകടത്തിന് കാരണമായതെന്നാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോർട്ട്. ജൂലൈ 12ന് ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിസിഎയുടെ പരിശോധനാ നിർദേശം വന്നത്.