NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദേശത്തു നിന്ന് എത്തി സഹോദരനെ വധിക്കാന്‍ പദ്ധതി;  തിരൂരങ്ങാടിയിൽ യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനും ക്വട്ടേഷൻ സംഘാംഗങ്ങലും അറസ്റ്റിൽ

തിരൂരങ്ങാടി : യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ താനൂർ ഏളാരം കടപ്പുറം ചെറിയകത്ത് മുഹമ്മദ് അസ്‌ലം (20), പന്താരങ്ങാടി പാറപ്പുറം വെള്ളക്കാട്ടിൽ സുമേഷ്(35) എന്നിവരെയാണ് തിരൂരങ്ങാടി എസ്.എച്ച്.ഒ  ബി പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

വധശ്രമം, ഗൂഡാലോചന, മർദ്ദനം, സംഘടിത കുറ്റകൃത്യം തുടങ്ങിയ വിവിധ വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തിട്ടുള്ളത്. നൗഷാദിന്റെ സഹോദരനായ മുഹമ്മദലി (43) യുടെ പരാതിയിലാണ് തിരൂരങ്ങാടി പോലിസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

 

കഴിഞ്ഞ ആറാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ 4.50ന് പ്രഭാത നിസ്കാരത്തിനായി ബൈക്കിൽ പോകവേ, വീടിന് സമീപമുള്ള റോഡിൽ വെച്ച് മുഹമ്മദ് അസ്‌ലമും,സുമേഷും മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ മുഹമ്മദലിയെ വീണ്ടും ആക്രമിച്ചു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. ആക്രമണത്തിൽ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മുഹമ്മദലിയുടെ പിതാവിന് രണ്ടാംഭാര്യയിൽ ജനിച്ച മകനാണ് നൗഷാദ്. ഇവർ തമ്മിൽ സ്വത്ത് തർക്കം നിലവിലുണ്ട്. ഇതിന്റെ ഭാഗമായി മുഹമ്മദലിയെ അപായപ്പെടുത്താൻ നൗഷാദ് കൂട്ടുപ്രതികൾക്ക് ക്വട്ടേഷൻ നൽകുകയും അഡ്വാൻസ് ആയി പതിനയ്യായിരം രൂപ കൈമാറുകയും ചെയ്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഗൾഫിൽനിന്നും എത്തിയ നൗഷാദ് വീട്ടിൽ രഹസ്യമായി കഴിയുകയും മുഹമ്മദലിയെ അപായപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. തലേദിവസം പ്രദേശത്ത് സിസിടിവികളില്ലെന്ന് നിരീക്ഷിച്ച ശേഷമാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലിസ് പറഞ്ഞു. മുഖംമൂടി ധരിച്ച് നമ്പർ പ്ളേറ്റില്ലാത്ത ബൈക്കിലെത്തിയാണ് കൃത്യം നടത്തിയത്.
പോലിസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. ചെമ്മാട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 22 സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചും നിരവധിപേരെ ചോദ്യം ചെയ്തുമാണ് പ്രതികളെ പിടികൂടാനായത്.
മുഹമ്മദ് അസ്‌ലമിനെതിരെ താനൂർ പൊലിസിലും, സുമേഷിനെതിരെ തിരൂരങ്ങാടി പൊലിസിലും നേരത്തെ കേസുകളുണ്ട്.
പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ജില്ലാ പൊലിസ് മേധാവി വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം താനൂർ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.എച്ച്.ഒ ബി പ്രദീപ് കുമാറിനൊപ്പം എസ്.ഐമാരായ പ്രമോദ്, ബിജു, എ.എസ്.ഐ മഞ്ജുഷ, സി.പി.ഒ അനീഷ്, താനൂർ ഡാൻസാഫ് അംഗങ്ങളായ ബിജോയ്, ഷിജു, അനീഷ്, ഷാബിൻ എന്നിവരും പങ്കെടുത്തു.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!