പാലത്തിങ്ങൽ ന്യൂകട്ടിൽ സുരക്ഷയൊരുക്കാൻ ജനമൈത്രി കർമസമിതി


പാലത്തിങ്ങൽ : സുരക്ഷയില്ലാത്തതിനാൽ അപകടം പതിവായ പാലത്തിങ്ങൽ ന്യൂകട്ട് പ്രദേശത്ത് സുരക്ഷയൊരുക്കാൻ പരപ്പനങ്ങാടി പോലീസിന്റെ നേതൃത്വത്തിൽ ജനമൈത്രി കർമസമിതി രൂപീകരിക്കാൻ കീരനല്ലൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന ജനകീയ കൺവെൻഷൻ തീരുമാനിച്ചു.
കഴിഞ്ഞദിവസം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചതുൾപ്പെടെ ന്യൂകട്ടിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇതോടെയാണ് ന്യൂകട്ടിൽ സുരക്ഷയൊരുക്കാൻ ജനമൈത്രി കർമസമിതി രൂപീകരിക്കുന്നത്.
*തിരഞ്ഞെടുക്കുന്ന കർമസമിതിഅംഗങ്ങൾക്ക് പോലീസ് പ്രത്യേക പരിശീലനം നൽകും.
*ഒഴിവുസമയം ചിലവഴിക്കാൻ ദിവസേന നിരവധിയാളുകളെത്തുന്ന ന്യൂകട്ടിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
*ജനമൈത്രി കർമസമിതി അംഗങ്ങൾ ചേർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കും.
*പാലത്തിൽനിന്ന് ചാടുന്നതും ഒഴുക്കുള്ള ഭാഗത്ത് കുളിക്കുന്നതും നിരോധിക്കും.
*വൈകീട്ട് ഏഴിന് ശേഷം പാറയിൽ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിക്കും.
*പിഞ്ചുകുട്ടികളെ വെള്ളത്തിലിറക്കുന്നത് തടയും.
*നഗരസഭയുമായി ആലോചിച്ച് പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കും.
*പ്രദേശത്ത് ലഹരി വിൽപ്പനയും ഉപയോഗവും തടയും.
പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂർ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.
പി.കെ. റിയാസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ അസീസ് കൂളത്ത്, ഇഖ്ബാൽ പാലത്തിങ്ങൽ, കെ.ടി. വിനോദ്, വി.പി. ഹാരിസ്, പി.കെ. താഹിർ, പി.വി. ഹാരിസ്, റിട്ട. എസ്മാ.ഐ.മാരായ കുഞ്ഞിമുഹമ്മദ്, എം.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.