കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവയ്ക്കണം; ശക്തമായ തീരുമാനത്തിൽ ചാലിയാര്‍ പഞ്ചായത്ത്; 17 ഷൂട്ടര്‍മാരെ നിയമിച്ചു!

പ്രതീകാത്മക ചിത്രം

കാട്ടുപന്നികളെ വെടിവയ്ക്കാൻ ശക്തമായ നടപടിയുമായി ചാലിയാർ ഗ്രാമപഞ്ചായത്ത്. ഇതിനായി തോക്ക് ലൈസൻസുള്ള 17 ഷൂട്ടർമാരെ നിയമിച്ചു. ഇന്ന് മുതല്‍ കാട്ടുപന്നികളെ വെടിവയ്ക്കും. ഷൂട്ടർമാരുടെ യോഗം ഇന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. പെരുമ്ബത്തൂർ. എളമ്ബിലാക്കോട്, മുട്ടിയേല്‍ വാർഡുകളിലാണ് ഇന്ന് രാത്രി കാട്ടുപന്നികളെ വെടിവയ്ക്കുക.
രാത്രികാലങ്ങളില്‍ വളർത്ത് മൃഗങ്ങളെ കൂട്ടിനുള്ളില്‍ തന്നെ സംരക്ഷിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനകീയ കൂട്ടായ്മ വാർഡ് കമ്മിറ്റി ഭാരവാഹികളുടെ നിർദേശങ്ങള്‍ ഓരോ വാർഡുകളിലെയും ജനങ്ങള്‍ പാലിക്കണം.
ഇന്ന് മുതല്‍ ശല്യകാരായ കാട്ടുപന്നികളെ വെടിവച്ചു തുടങ്ങും. ഒരുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിക്കാണ് ഇന്ന് തുടക്കമാവുക. ഇതിനായി ജനകീയ കൂട്ടായ്മ പഞ്ചായത്ത് വാർഡ് കമ്മിറ്റികള്‍ രൂപികരിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളും സ്വകാര്യ സ്ഥലങ്ങളോട് ചേർന്ന് കൃഷിയിടങ്ങളും കിടക്കുന്നതിനാല്‍ പഞ്ചായത്തിലെ ജനങ്ങള്‍ വലിയ തോതില്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണിയിലാണ്.
കാട്ടുപന്നി ശല്യം അതിരൂക്ഷമായ ചാലിയാർ പഞ്ചായത്തില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവയ്ക്കാനുള്ള പഞ്ചായത്ത് നടപടി ജനങ്ങള്‍ക്ക് ആശ്വാസമാകും. കൃഷിയിടങ്ങളിലേക്കും റോഡുകളിലേക്കും എത്തുന്ന പന്നികളെയായിരിക്കും വെടിവയ്ക്കുക. അതിനാല്‍ ജനങ്ങള്‍ കടുത്ത ജാഗ്രത പുലർത്തണമെന്ന് എളമ്ബിലാക്കോട്ചേർന്ന ജനകീയ കൂട്ടായ്മ യോഗത്തില്‍ നിർദേശം നല്‍കി.
കാട്ടാന ശല്യത്തിന് പരിഹാരം വേണമെങ്കില്‍സോളാർ വൈദ്യുത വേലിയോ മതിലുകളോ വനാതിർത്തികളില്‍ സ്ഥാപിക്കേണ്ടിവരും. ശല്യകാരായ കാട്ടാനകളെ കാടുകയറ്റാൻ വനംവകുപ്പുമായി ചേർന്ന് കർമപദ്ധതി പഞ്ചായത്ത് തയാറാക്കുകയും വേണം. കാട്ടുപന്നികളെ വെടിവെയ്ക്കാൻ നേരത്തെ തന്നെ ഗ്രാമപഞ്ചായത്തിന് അധികാരം ലഭിച്ചിരുന്നെങ്കിലും ചാലിയാർ പഞ്ചായത്തില്‍ അത് കാര്യക്ഷമമായി നടപ്പാക്കിയില്ല.
കാട്ടുപന്നികള്‍ കൂട്ടത്തോടെ റോഡുകള്‍ മുറിച്ച് കടക്കുകയും വലിയ തോതില്‍ കൃഷിനാശം വരുത്തുകയും ചെയ്തതോടെ കർഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പ്രതിഷേധങ്ങളുടെ ഫലമായാണ് പഞ്ചായത്ത് അധികൃതർ ശക്തമായ നടപടിക്ക് തയാറായത്.