റുഖിയ തിരോധനം: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പിക്ക് നിർദേശം നൽകി മുഖ്യമന്ത്രി..!


തിരൂരങ്ങാടി പനമ്പുഴ റോഡിലെ വടക്കെതല മൊയ്തീന്റെ ഭാര്യ റുഖിയയുടെ (75) തിരോധനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.
റുഖിയയുടെ തിരോധനം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. റുഖിയയെ കാണാതായിട്ട് ഒരു വർഷം പൂർത്തിയായി. 2024 ജൂൺ 21-നാണ് 75 വയസുകാരിയായ റുഖിയയെ വീട്ടിൽ നിന്ന് കാണാതാവുന്നത്.
വിവരം ലഭിച്ചയുടൻ മകൻ യാസർ അറഫാത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും പോലീസും സന്നദ്ധപ്രവർത്തകരും ചേര്‍ന്ന് നാട്ടിലും തൊട്ടടുത്ത പുഴയിലും സമീപ പ്രദേശങ്ങളിലുമെല്ലാം വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും റുഖിയയെ കണ്ടെത്താനായില്ല.
റുഖിയയെ കാണാതായി രണ്ട് ദിവസത്തിന് ശേഷം മകന് വന്ന അജ്ഞാത ഫോൺ കോളിനെ സംബന്ധിച്ച് പോലീസിനെ ധരിപ്പിച്ചിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട് കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് പരാതി ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് റുഖിയയുടെ തിരോധനം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഇടപെടൽ വഴി പുതിയ ദിശയിലേക്ക് അന്വേഷണം നീങ്ങുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.