കരിപ്പൂര്‍ വിമാനത്താവളം; ‘സ്വകാര്യ കാറുകള്‍ക്ക് പ്രവേശന ഫീസ് നിര്‍ത്തും, പാര്‍ക്ക് ചെയ്താല്‍ ഫീസ്’


കരിപ്പൂര്‍ : സ്വകാര്യ കാറുകള്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശന ഫീ നിര്‍ത്തലാക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട്. ആളെ ഇറക്കിപ്പോവണം. പാര്‍ക്ക് ചെയ്താല്‍ ഫീസ് വാങ്ങും. എന്നാല്‍, ടാക്‌സികള്‍ക്ക് പ്രവേശന ഫീസുണ്ടാവും.
കാര്‍ പാര്‍ക്കിങ്ങിന് പുതിയ ടെന്‍ഡര്‍ വിളിക്കുന്നുണ്ട്. വിമാനത്താവളത്തിന് മുന്നില്‍ കാര്‍ പാര്‍ക്കിങ്ങിനായി 15.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കളക്ടര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുനീര്‍ മാടമ്പാട്ട് പറഞ്ഞു.
റെസ നിര്‍മാണം പൂര്‍ത്തിയായാല്‍ വലിയ വിമാനങ്ങളെത്തും
റണ്‍വേ നവീകരണത്തിന്റെ ഭാഗമായുള്ള റെസ നിര്‍മാണം പൂര്‍ത്തിയായാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് (വൈഡ് ബോഡി) സര്‍വീസ് നടത്താനുള്ള അനുമതി ലഭിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട്. പ്രവൃത്തി പുരോഗതി വിലയിരുത്താനെത്തിയ ജിസിഡിഎ വിദഗ്ധ സംഘം അത്തരത്തിലുള്ള പ്രതികരണമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് (ജിഎംഐ) നടത്തിയ ടേബിള്‍ ടോക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ വിമാനങ്ങള്‍ വന്നാല്‍ കാര്‍ഗോ സര്‍വീസും പുനരാരംഭിക്കാനാവും. അടുത്ത വര്‍ഷം ജൂണോടെ പുതിയ റഡാര്‍ സംവിധാനങ്ങള്‍ എത്തും. അത് സ്ഥാപിച്ചു കഴിഞ്ഞാല്‍ ഒരു മണിക്കൂറില്‍ ഒന്‍പത് വിമാനങ്ങള്‍ക്ക് ഇറങ്ങാനും പുറപ്പെടാനും കഴിയും. ഇപ്പോള്‍ ആറു വിമാനങ്ങള്‍ക്ക് ഇറങ്ങാനും ഏഴു വിമാനങ്ങള്‍ക്ക് പുറപ്പെടാനുമുള്ള സൗകര്യങ്ങളേയുള്ളൂ.
വിമാനങ്ങളുടെ സര്‍വീസ് ഓപ്പറേഷന്‍ കൂടുതല്‍ സുഗമമാവാന്‍ സമാന്തര ടാക്‌സിവേ തന്നെ വേണം. പക്ഷേ, അത് ദീര്‍ഘകാലാടിസ്ഥാനത്തിലേ നടക്കൂ.
നിലവില്‍ ഓയില്‍ കമ്പനികളുടെ കൈവശമുള്ള സ്ഥലമെടുത്ത് അവിടെ നാലോ അഞ്ചോ വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത് ആലോചിക്കുന്നുണ്ട്. സൗദി എയര്‍ലൈന്‍സ് ഇപ്പോള്‍ സര്‍വീസ് തുടങ്ങിയാല്‍ റിസ നിര്‍മാണം കഴിയുന്നതോടെ വലിയ വിമാനങ്ങളിലേക്ക് മാറാം.
കോഴിക്കോട്ടു നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗകര്യത്തിനായി സൗദി എയര്‍ലൈന്‍സിനോട് ഹജ്ജ് സര്‍വീസില്‍ പങ്കാളിയാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടു നിന്ന് സര്‍വീസ് തുടങ്ങാന്‍ എല്ലാ എയര്‍ലൈന്‍സുകള്‍ക്കും കത്തെഴുതിയിട്ടുണ്ട്.
ആഴ്ചയില്‍ മൂന്നു ദിവസം സ്‌പൈസ് ജെറ്റ് നിലവില്‍ സര്‍വീസ് ആരംഭിച്ചു. അത് എല്ലാ ദിവസവുമാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ലാഭകരമായ ഏഴു വിമാനത്താവളങ്ങളില്‍ ഒന്നായ കോഴിക്കോട് എന്തു കൊണ്ട് വികസനം നടപ്പാക്കുന്നില്ല എന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണമെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്ത എം.കെ. രാഘവന്‍ എംപി പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി കോഴിക്കോടിന്റെ കാര്യത്തില്‍ വലിയ താത്പര്യം കാണിക്കുന്നില്ല. വിമാനത്താവള വികസനത്തിന് 100 ഏക്കര്‍ ഭൂമിയെങ്കിലും മിനിമം വേണമെന്നും അദ്ദേഹം പറഞ്ഞു.
ജിഎംഐ പ്രസിഡന്റ് പി.സി. റഷീദ് അധ്യക്ഷനായി. അവാം സുറൂര്‍ വിഷയം അവതരിപ്പിച്ചു. റോഷന്‍ കൈനഡി മോഡറേറ്റായി. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, എയര്‍പോര്‍ട്ട് മുന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ ഒ.വി. മാര്‍കിസ്, നിത്യാനന്ദ കമ്മത്ത്, അജയന്‍ കെ. ആനാട്ട്, ഡോ. കെ. മൊയ്തു, സി.ഇ. ചാക്കുണ്ണി, പി.പി. അബൂബക്കര്‍, കെ.പി.എം. നൗഫല്‍, സന്നാഫ് പാലക്കണ്ടി, ടി.പി.എം. ഹാഷിര്‍ അലി, രജീഷ് രാഘവന്‍, റാഫി പി. ദേവസ്യ, രവിചന്ദ്രശേഖര്‍, എ. സലീം, സുബൈര്‍ കൊളക്കാടന്‍, എം. ഹാരിസ് എന്നിവര്‍ സംസാരിച്ചു.