മാസപ്പടി കേസ് ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതി പരിഗണിക്കും


സിഎംആർഎൽ എക്‌സലോജിക കേസ് ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതിയിൽ. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുൻപ് കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതി നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിർദ്ദേശിച്ചിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലെ റിപ്പോർട്ടിന്മേൽ തുടർ നടപടികൾ പാടില്ലെന്നും ഡൽഹി കോടതി ഉത്തരവിട്ടിരുന്നു.
സിഎംആർഎൽ ഹർജിയിൽ അന്തിമ തീരുമാനമെടുക്കും വരെയാണ് വിലക്കേർപ്പെടുത്തിയിരുന്നത്. അതേസമയം എസ്എഫ്ഐഒയും വകുപ്പും തമ്മിൽ ആശയ വിനിമയത്തിൽ ഉണ്ടായ കുറവ് കാരണമാണ് അഡീഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തതെന്നും ഇത് മനപ്പൂർവ്വം ഉണ്ടായതല്ലെന്നുമാണ് കേന്ദ്രസർക്കാർ നൽകിയ വിശദീകരണം.
എക്‌സാലോജിക് – സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് എസ്എഫ്‌ഐഒ കോടതിക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നുവെന്ന് നേരത്തെ സുബ്രമണ്യം പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. പിന്നാലെ പുറത്തിറക്കിയ ഉത്തരവിലാണ് കോടതി നടപടികളിൽ നിന്ന് എസ്എഫ്‌ഐഒയ്ക്ക് വിലക്കേർപ്പെടുത്തിയത്.
സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ സിഎംആർഎല്ലിനും ടി വീണയ്‌ക്കും എതിരെ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായിരുന്നു. തട്ടിപ്പിൽ ടി വീണ പ്രധാന പങ്കുവഹിച്ചുവെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ അറിവോടെയാണ് തട്ടിപ്പുനടന്നത്. പ്രവർത്തിക്കാത്ത കൺസൾട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആർഎൽ പണം നൽകിയതെന്നും പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ കൂടി എക്‌സാലോജിക്കിനു നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.