നിപ; മെഡി.കോളേജില്‍ സുരക്ഷാ സംവിധാനം ശക്തം; വാർഡില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി..!


നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ മെഡി. കോളേജ് ആശുപത്രിയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നവരെ പരിശോധിക്കാനായി കേരള ഹെല്‍ത്ത് റിസർച്ച് ആൻഡ് വെല്‍ഫെയർ സൊസെെറ്റിയുടെ പേ വാർഡ് കോംപ്ളക്സിലെ ഒരു ഭാഗം അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
നിപ വൈറസ് ബാധക്കെതിരായ മുന്‍കരുതലുകളെയും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെയും കുറിച്ച് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടി. ഇതനുസരിച്ച് വാർഡില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ.
ഇവിടെയുള്ള രോഗികളെ അതാത് വാർഡുകളിലേക്ക് മാറ്റും. രോഗികളെ കൃത്യമായി കണ്ടെത്താനും അവർ മറ്റുള്ള രോഗികളും ജീവനക്കാരുമായി ഇടപഴകാതെ കൃത്യമായ ചികിത്സ നല്‍കാനും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. ഡോക്ടർ, നഴ്സുമാർ, അറ്റൻഡർമാർ എന്നിവരുടെ സേവനം ഇവിടെയുണ്ടാകും.
2018ല്‍ നിപ ബാധിച്ചപ്പോഴും ഇതുതന്നെയായിരുന്നു ഐസലേഷൻ ബ്ലോക്ക്. ഈ വാർഡിന്റെ മുന്നിലും കർശന നീരീക്ഷണമുണ്ട്. പരിസരമുള്‍പ്പെടെ അണുവിമുക്തമാക്കി.
നിലവിൽ കോഴിക്കോട് 43 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്. സ്വകാര്യ ആശുപത്രിയില്‍ ജൂലൈ ഒന്നിന് മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലെവല്‍ ടു വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചത്.
പൂനെയിലെ ലെവല്‍ 3 വൈറോളജി ലാബിലെ പരിശോധനയ്ക്കു ശേഷമേ ഔദ്യോഗിക സ്ഥിരീകരണമാവുകയുള്ളൂ. പോസ്റ്റ്‌മോർടം നടത്തിയ ഫോറൻസിക് വിഭാഗം ഡോക്ടർമാർക്കും ജീവനക്കാർക്കും ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിരിക്കുകയാണ്.