രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; ജാഗ്രതയില്ലെങ്കില്‍ മക്കള്‍ കുടുങ്ങും, ഒപ്പം നിങ്ങളും… ഓപ്പറേഷന്‍ ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് 200 വാഹനങ്ങള്‍


മലപ്പുറത്ത് കുട്ടികൾക്ക് അനധികൃതമായും ലൈസൻസില്ലാതേയും ബൈക്കുകളും വാഹനങ്ങളും നൽകുന്ന രക്ഷിതാക്കൾ ജാഗ്രതൈ. നിങ്ങളുടെ കുട്ടികൾ കുടുങ്ങും, ഒപ്പം നിങ്ങളും.
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഓപ്പറേഷൻ ലാസ്റ്റ് ബെൽ’ പരിശോധന വ്യാപകമാക്കി.
കഴിഞ്ഞ ദിവസം വിവിധ സ്‌കൂൾ പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ ഇരുന്നൂറോളം വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
കൂടാതെ അനധികൃതമായി വാഹനങ്ങൾ നൽകിയ 36 രക്ഷിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.
സ്കൂൾ പരിസരങ്ങളിലെ അക്രമങ്ങൾ, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധനയെന്ന് മലപ്പുറംജില്ലാ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇതുവരെ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 50 പേർക്കെതിരെ കേസെടുത്തു. 36 കേസുകൾ പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് രക്ഷിതാക്കൾക്കെതിരെ എടുത്ത കേസുകളാണെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.
വിവിധ സ്റ്റേഷനുകളിലായി 200 വാഹനങ്ങളാണ് പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു. ഹൈസ്‌കൂൾ മുതൽ പ്ലസ്ട വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പൊലീസ് പിടിയിലായതെന്നും അധികൃതർ പറയുന്നു. കൂടാതെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയും മറ്റും വാഹനങ്ങൾ ഓടിച്ചതിനുമായി 14 വിദ്യാർത്ഥികൾക്കെതിരെയും വേറെ കേസുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകിയ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
പരിശോധനകൾ വരുംദിവസങ്ങളിലും വ്യാപകമാക്കുമെന്നും ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ വിട്ടതിന് ശേഷം വിദ്യാർത്ഥികൾ സംഘടിച്ച് അതിക്രമങ്ങൾ കാണിക്കുന്നതും ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കുന്നതുമുൾപ്പെടെ പൊലീസ് അധികാരികളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
കൂടാതെ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അക്രമാസക്തമാവുന്നതും കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ശല്യമുണ്ടായതിനെത്തുടർന്ന് പലരും പരാതിപ്പെടുകയുമുണ്ടായെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് വ്യക്തമാക്കി. ഇത്തരം പ്രവണതകളും പരാതികളുമുണ്ടായതിനെത്തുടർന്നാണ് പരിശോധനയ്ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.