ആര്‍എസ്എസ് ചിത്രത്തെ ഭാരതമാതാവെന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി; രജിസ്ട്രാറുടെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല


ആര്‍എസ്എസ് ചിത്ര വിവാദത്തില്‍ നടപടി നേരിടുന്ന കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് കെഎസ് അനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ചാന്‍സിലര്‍ക്ക് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വിഷയത്തില്‍ രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിച്ചു. ആര്‍എസ്എസ് ചിത്രത്തെ ഭാരതമാതാവ് എന്നായിരുന്നു ഹൈക്കോടതി വിശേഷിപ്പിച്ചത്. ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി പറഞ്ഞു.
അതേസമയം തനിക്ക് നിയമനം നല്‍കിയത് സിന്‍ഡിക്കേറ്റാണെന്നും തനിക്കെതിരായ നടപടികളും സിന്‍ഡിക്കേറ്റിനാണ് എടുക്കാന്‍ കഴിയൂകയുള്ളുവെന്നുമായിരുന്നു രജിസ്ട്രാറിന്റെ വാദം. സുപ്രീം കോടതി വിധികള്‍ പ്രകാരം എമര്‍ജന്‍സി സിറ്റുവേഷനില്‍ മാത്രമേ വിസിക്ക് റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധിക്കൂവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാല ഹാളില്‍ പ്രദര്‍ശിപ്പിച്ച മതചിഹ്നമുളള ചിത്രം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. സെക്യൂരിറ്റി ഓഫീസറാണ് ഇക്കാര്യം അറിയിച്ചതെന്നും ചിത്രം കണ്ടപ്പോള്‍ ഹിന്ദു ദേവതയായിട്ടാണ് സെക്യൂരിറ്റി ഓഫീസര്‍ക്ക് തോന്നിയതെന്നായിരുന്നു ഇതിന് ഹര്‍ജിക്കാരന്റെ മറുപടി.
ആര്‍എസ്എസ് ചിത്രത്തെ ഭാരതാംബ എന്ന് വിശേഷിപ്പിച്ച കോടതി ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ചോദിച്ചു. അത് വെച്ചത് കൊണ്ട് കേരളത്തില്‍ എന്ത് ക്രമസമാധാന പ്രശ്‌നമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ആരാഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിസിയോട് വിശദമായ സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.