സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെൻഷൻ
1 min read

സ്‌കൂളുകളിൽ നടപ്പാക്കുന്ന സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടികെ അഷ്‌റഫിന് സസ്‌പെൻഷൻ.
വിദ്യഭ്യാസ വകുപ്പിനെ അപകീർത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അഷ്‌റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ മാനേജ്‌മെന്റ് നിർദ്ദേശം നൽകിയിരുന്നു.
പിന്നാലെയാണ് നടപടി. ടികെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ മാനേജ്‌മെന്റ് പാലക്കാട് ഉപ ഡയറക്ടർക്ക് കത്ത് നൽകി.
സർക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമർശം ടികെ അഷ്റഫ് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ കത്തിൽ ചൂണ്ടികാട്ടിയിരുന്നു.
പൊതു വിദ്യാലയങ്ങളിൽ സൂംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ ടികെ അഷ്‌റഫ് വിമർശിച്ച് പോസ്റ്റിട്ടതിന് പിന്നാലെ സൂംബ പരിശീലനം വിവാദമായിരുന്നു.