NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പഴയ വണ്ടികള്‍ക്ക് ‘ഇന്ധനമില്ല പൂട്ടിട്ട്’ സര്‍ക്കാര്‍; റോഡിലിറക്കാനാകാതെ ഡല്‍ഹിയില്‍ 62 ലക്ഷം വണ്ടികള്‍

ആയുസ്സ് തീര്‍ന്ന വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഇന്ന് ജൂലൈ 1 മുതല്‍ ഇന്ധനം ലഭിക്കില്ല. ഡല്‍ഹിയില്‍ ഓടാനാകാതെ ഇതോടെ 62 ലക്ഷം വണ്ടികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കാലപ്പഴക്കം കൊണ്ട് ആയുസ്സ് തീര്‍ന്ന വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം ഇന്ധന ലഭ്യത ഇല്ലാതാക്കുകയാണ്. പഴയ വാഹനങ്ങളുമായി ഡല്‍ഹിയില്‍ ഇറങ്ങിന്നവര്‍ക്ക് പമ്പുകളില്‍ നിന്ന് ഇന്ധനം നിഷേധിച്ചിരിക്കുകയാണ്. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് പെട്രോളോ ഡീസലോ നല്‍കരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായി പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നത് പോലും കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ വിലക്കിയിട്ടുണ്ടെന്നതിനാല്‍ കാലപ്പഴക്കം ചെന്ന വാഹനവുമായി നിരത്തിലിറങ്ങി പെട്രോളോ ഡീസലോ തീര്‍ന്നാല്‍ പെട്ടുപോകുമെന്നതാണ് അവസ്ഥ. ഇന്ധനം കിട്ടാതെയാകുന്നതോടെ വാഹനം ഉപേക്ഷിക്കേണ്ടി വരും. പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നത് ഹരിത ട്രൈബ്യൂണല്‍ വിലക്കിയതിനാല്‍ അതും പ്രശ്‌നമാകും. ജൂലായ് 1 മുതല്‍ നിലപാട് കടുപ്പിച്ചുള്ള ഈ നീക്കത്തിലൂടെ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ഡല്‍ഹി നഗരത്തിലെ വായു മലിനീകരണ തോത് അപകടകരമായ രീതിയില്‍ ഉയരുന്നത് പരിഗണിച്ചാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് 2018-ലാണ് ഡല്‍ഹിയില്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം സുപ്രീംകോടതി വിലക്കിയത്. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയിലൂടെയുള്ള മലിനീകരണം ഒരുപരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്ന സ്ഥിതിയിലാണ് ആയുസ് തീര്‍ന്ന വാഹനങ്ങള്‍ തലസ്ഥാനത്തെ നിരത്തില്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുമാണ് കാലാവധി അവസാനിച്ച വാഹനങ്ങളായി കണക്കാക്കുന്നത്.

 

ഡല്‍ഹിയില്‍ മാത്രം 62 ലക്ഷം വാഹനങ്ങള്‍ ഇത്തരത്തില്‍ ഓടാനാകാതെയുണ്ട്. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന അയല്‍സംസ്ഥാനങ്ങളായ ഹരിയാനയില്‍ കാലാവധി അവസാനിച്ച 27.5 ലക്ഷം വാഹനങ്ങളും ഉത്തര്‍പ്രദേശില്‍ 12.69 ലക്ഷം വാഹനങ്ങളും രാജസ്ഥാനില്‍ 6.2 ലക്ഷം വാഹനങ്ങളുമുണ്ടെന്നാണ് കണക്ക്. പഴയ വാഹനങ്ങള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

 

പോലീസ്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി സഹകരിച്ചാണ് നടപടി സ്വീകരിക്കുന്നത്. ഡല്‍ഹിയിലെ 500-ഓളം വരുന്ന പമ്പുകളില്‍ 100 എണ്ണത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വാഹനം പിടിച്ചെടുക്കാനായി നിയോഗിച്ചിട്ടുണ്ട്. 50 പമ്പുകളില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ശേഷിക്കുന്ന 350 പമ്പുകളില്‍ ട്രാഫിക് പോലീസിനെയും വാഹനം പിടിച്ചെടുക്കാന്‍ വിന്യസിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ 498 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുമുണ്ട്. വാഹന്‍ സോഫ്‌റ്റ്വെയറിലെ ഡാറ്റാബേസുമായി ഈ ക്യാമറ ബന്ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ ഈ ക്യാമറയുടെ സഹായത്തോടെ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുകയും കാലപ്പഴക്കം ചെന്ന വാഹനമാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പമ്പുകളില്‍ ക്രമസമാധന പ്രശ്‌നമുണ്ടാകുന്നത് നിയന്ത്രിക്കാനും പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *