NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ച് പണിക്കൊരുങ്ങി സർക്കാർ; പോലീസ് മേധാവിയായി ടോമിൻ ജെ തച്ചങ്കരിക്ക് സാധ്യത

സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ച് പണിക്കൊരുങ്ങി സർക്കാർ. ഡിജിപി സ്ഥാനം മുതൽ താഴേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ മാറ്റങ്ങളുണ്ടാകും. മെയ് 24 ന് പുതിയ ഡിജിപി ആരെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. പോലീസ് മേധാവി സ്ഥാനത്തേക്ക് ടോമിൻ ജെ തച്ചങ്കരി തന്നെ വന്നേക്കുമെന്നാണ് സൂചന.

തച്ചങ്കരിക്കെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായിട്ടുണ്ട്. വിജിലൻസ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഡിജിപി സ്ഥാനത്തേക്ക് സാധ്യതയുള്ള സുധേഷ്കുമാറിന് മകൾക്കെതിരായ കേസ് തിരിച്ചടിയാകുമെന്നാണ് സൂചന. ഡിജിപി സ്ഥാനത്തേക്ക് സർക്കാർ തീരുമാനിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന് മുന്നിലാണ്. 24ന് ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലായം ചുരുക്കപ്പട്ടിക സംസ്ഥാനത്തിന് കൈമാറും. ഇതിൽ നിന്നാണ് പുതിയ ഡിജിപിയെ തിരഞ്ഞെടുക്കുക.

നിലവിൽ സാധ്യത കൂടുതൽ കൽപ്പിക്കപ്പെടുന്നത് ടോമിൻ ജെ തച്ചങ്കരിക്കാണ്. കെ.എഫ്.സി എംഡിയാണ് ഇപ്പോൾ തച്ചങ്കരി.

അതേസമയം, നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്നതിന് മുമ്പ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയില്ലെങ്കിൽ സിയാൽ എംഡി സ്ഥാനമോ അല്ലെങ്കിൽ പോലീസ് ഉപദേഷ്ടാവ് സ്ഥാനമോ ബെഹ്റയ്ക്ക് ലഭിച്ചേക്കും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ബെഹ്റയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് തൃപ്തിയുണ്ട്. അതിനാൽ മികച്ച സ്ഥാനം നൽകണമെന്ന അഭിപ്രായം ആഭ്യന്തര വകുപ്പിനുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻ ഡിജിപി രമൺ ശ്രീവാസ്തവയായിരുന്നു മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ്. ഇത്തവണ പുതിയ ആളിന് ആ സ്ഥാനം കൈമാറിയില്ലെങ്കിൽ ബെഹ്റ സിയാൽ എംഡിയാകാനാണ് സാധ്യത.

അതേസമയം, പുതിയ പോലീസ് മേധാവി വരുന്നതോടുകൂടി വലിയ മാറ്റങ്ങൾ സേനയിലുണ്ടാകുമെന്നാണ് സൂചന. സമൂലമായ അഴിച്ചുപണിക്കാണ് സർക്കാർ ഒരുങ്ങുന്നത്. മുൻ സർക്കാരിന്റെ കാലത്ത് എതിർപ്പുകളെ തുടർന്ന് ഉപേക്ഷിക്കേണ്ടിവന്ന പോലീസ് കമ്മീഷണറേറ്റ് സംവിധാനം വീണ്ടും പൊടിതട്ടിയെടുക്കാൻ സാധ്യതയുണ്ട്.

ആഭ്യന്തര വകുപ്പിന് മുന്നിൽ പോലീസ് ഇക്കാര്യം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പോലീസിന് അമിതാധികാരം നൽകുന്നതെന്ന് പറഞ്ഞാണ് ഇതിനെതിരെ കഴിഞ്ഞ സർക്കാരിൽ തന്നെ എതിർപ്പുയർന്നത്. ഇത്തവണ അതുണ്ടാകില്ലെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published.