‘ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം ഉണ്ടായിരിക്കണം’; പുതിയ ഉത്തരവുമായി ഗതാഗത മന്ത്രാലയം
1 min read

രാജ്യത്ത് ഇരുചക്രവാഹനങ്ങൾ സംബന്ധിച്ച് പുതിയ വിജ്ഞാപനവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. 2026 ജനുവരി 1 മുതൽ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണമെന്നാണ് പുതിയ ഉത്തരവിലുള്ളത്. അതേസമയം ഇതിന് പുറമെ 2026 ജനുവരി 1 മുതൽ നിർമിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം വേണമെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ വിജ്ഞാപനം. ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിർദ്ദേശിക്കുന്ന സ്‌പെസിഫിക്കേഷനുകൾക്കനുസൃതമായി രണ്ട് ഹെൽമറ്റുകൾ കമ്പനി വാഹനത്തിന് ഒപ്പം നൽകണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.
2026 ജനുവരി 1-നും അതിനുശേഷവും നിർമ്മിച്ച L2 വിഭാഗത്തിലുള്ള വാഹനങ്ങളിൽ, എല്ലാ മോഡലുകളിലും, IS14664:2010 ന് അനുസൃതമായ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കണം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. നിലവിൽ 125 സിസി കൂടുതൽ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിലവിലുള്ളത്. എന്നാൽ 2026 മുതൽ എല്ലാ എഞ്ചിൻ വണ്ടികൾക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പുതിയ ഉത്തരവ് പ്രകാരം നിർബന്ധമായിരിക്കും.