പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: മലപ്പുറം ജില്ലയിൽ 8000 സീറ്റുകൾ; അലോട്മെന്റ് ലഭിക്കാത്തത് 17,768 പേർക്ക്

പ്രതീകാത്മക ചിത്രം

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി മലപ്പുറം ജില്ലയിൽ ഏകദേശം എണ്ണായിരത്തോളം സീറ്റുകൾ ഒഴിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീറ്റുകളുടെ വിശദമായ വിവരങ്ങൾ ജൂൺ 28-ന് പ്രസിദ്ധീകരിക്കും.
നിലവിൽ മൂന്നാം അലോട്ട്‌മെന്റിന് ശേഷം പ്രവേശനം നേടാത്ത 6,267 സീറ്റുകളും, പ്രവേശനം തടഞ്ഞ 46 സീറ്റുകളും, ഒഴിഞ്ഞുകിടക്കുന്ന 95 സീറ്റുകളും ഉൾപ്പെടെ ആകെ 6,408 സീറ്റുകളാണ് ഒഴിവുള്ളത്. ഇതിനുപുറമെ, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വോട്ടകളിൽ പ്രവേശനം നേടാത്ത സീറ്റുകൾ കൂടി സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പൊതു മെറിറ്റിലേക്ക് മാറ്റി പ്രസിദ്ധീകരിക്കും. ജില്ലയിൽ കമ്യൂണിറ്റി ക്വോട്ടയിൽ 3,784 സീറ്റുകളും മാനേജ്‌മെന്റ് ക്വോട്ടയിൽ 5,129 സീറ്റുകളുമാണുള്ളത്.
മലപ്പുറം ജില്ലയിൽ ആദ്യ അലോട്ട്‌മെന്റിന് 82,498 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതിൽ 50,610 പേർ മൂന്നാം അലോട്ട്‌മെന്റിലും, 978 പേർ സ്പോർട്‌സ് ക്വോട്ടയിലും, 1,618 പേർ മാനേജ്‌മെന്റ് ക്വോട്ടയിലും, 2,520 പേർ കമ്യൂണിറ്റി ക്വോട്ടയിലും, 38 പേർ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും, 870 പേർ അൺ എയ്ഡഡിലുമായി ആകെ 56,634 പേർ പ്രവേശനം നേടിയിട്ടുണ്ട്.
ഇതനുസരിച്ച്, 25,864 പേർക്കാണ് നിലവിൽ അലോട്ട്‌മെന്റ് ലഭിക്കാത്തത്. എന്നാൽ, ഇതിൽ 8,096 പേർ മറ്റ് ജില്ലകളിൽനിന്ന് അപേക്ഷ നൽകിയവരാണ്. ഇവരെ ഒഴിവാക്കിയാൽ 17,768 പേർക്കാണ് ജില്ലയിൽ പ്രവേശനം നേടാനുള്ളത്.
എണ്ണായിരത്തോളം സീറ്റുകൾ ഒഴിവുള്ളതിൽ സപ്ലിമെന്ററി അലോട്ട്‌മെന്റിന് എത്രപേർ അപേക്ഷിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ജില്ലയുടെ പ്ലസ് വൺ സീറ്റിന്റെ യഥാർത്ഥ പ്രതിസന്ധി മനസ്സിലാക്കാൻ സാധിക്കുക. നിലവിലെ അപേക്ഷകരിൽ പലരും വി.എച്ച്.എസ്.ഇ., പോളിടെക്നിക്, ഐ.ടി.ഐ. കോഴ്സുകളിൽ ഇതിനോടകം പ്രവേശനം നേടിയിട്ടുണ്ടാകാം. ഇവരുടെ എണ്ണം കൂടി വ്യക്തമായാലേ ജില്ലയിലുണ്ടാകാവുന്ന യഥാർത്ഥ സീറ്റ് കുറവ് എത്രയാണെന്ന് നിർണ്ണയിക്കാൻ കഴിയൂ.
അതേസമയം, നിലവിൽ ജില്ലയിലെ പ്ലസ് വൺ ക്ലാസുകളിൽ ശരാശരി 65 കുട്ടികളെ വെച്ചാണ് പഠനം നടക്കുന്നത്, ഇത് വലിയ തിരക്കിന് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.