NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇനി ‘പാനിക്’ ആവേണ്ട; 117 സ്റ്റേഷനുകളിൽ ‘പാനിക് ബട്ടണുകൾ’ സ്ഥാപിക്കാനൊരുങ്ങി റെയിൽവെ

രാജ്യത്തെ 117 സ്റ്റേഷനുകളിൽ ‘പാനിക് ബട്ടണുകൾ’ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. അത്യാഹിതങ്ങളോ അസ്വാഭാവിക സംഭവങ്ങളോ ഉണ്ടായാൽ നേരിടാൻ വേണ്ടിയാണ് റെയിൽവെ സ്റ്റേഷനുകളിൽ പാനിക് ബട്ടൺ സ്ഥാപിക്കുന്നത്.

 

മുംബൈയിലെ മുളുണ്ട് റെയിൽവെ സ്റ്റേഷനിലാണ് റെയിൽവെ ആദ്യ പാനിക് ബട്ടൺ സ്ഥാപിച്ചത്. സെൻട്രൽ റെയിൽവേയുടെ മെയിൻ, ഹാർബർ ലൈനുകളിലെ 117 റെയിൽവേ സ്റ്റേഷനുകളുടെ ഇരുവശത്തും പരീക്ഷണാടിസ്ഥാനത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു.

അപകടങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ യാത്രക്കാർക്ക് റെയിൽവെ ജീവനക്കാർ, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്), കൺട്രോൾ റൂമുകൾ എന്നിവയെ വിവരം അറിയിക്കാൻ പാനിക് ബട്ടണുകൾ സഹായിക്കുമെന്ന് റെയിൽവെ വ്യക്തമാക്കി.

ജൂൺ ഒൻപതിന് മുംബ്രയിൽ നടന്ന ലോക്കൽ ട്രെയിൻ ദുരന്തത്തെത്തുടർന്നാണ് റെയിൽവെയുടെ നടപടി. 2023ൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ റെയിൽവെ തീരുമാനിച്ചിരുന്നു. സെൻട്രൽ റെയിൽവേയുടെ പ്രധാന തുറമുഖപാതകളിൽ റെയിൽ ടെൽകോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് (ആർസിഐഎൽ) പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സെൻട്രൽ റെയിൽവെയുടെ വക്താവ് പറഞ്ഞു.മുംബൈയിലെ ബൈക്കുള, ചിഞ്ച്പോക്ലി, കറി റോഡ്, മുളുണ്ട്, ഡോക്ക്‌യാർഡ് റോഡ്, കോട്ടൺ ഗ്രീൻ തുടങ്ങിയ സ്റ്റേഷനുകളിൽ നിലവിൽ പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) വേഗത്തിൽ വിവരം അറിയിക്കാൻ കഴിയുന്നതരത്തിലാണ് പാനിക് ബട്ടണുകൾ സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാർ പാനിക് ബട്ടൺ അമർത്തുമ്പോൾ, ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷൻ ജീവനക്കാർക്കും ഒരു അലേർട്ട് അയയ്ക്കും. കൂടാതെ സിസിടിവി ദൃശ്യങ്ങൾ വഴി അവർക്ക് സാഹചര്യം വിലയിരുത്തി ഉടനടി സഹായം നൽകാനോ ആവശ്യമായ നടപടി സ്വീകരിക്കാനോ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *