NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയനാട്‌ തുരങ്കപാത യാഥാർഥ്യത്തിലേക്ക്‌; കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതിയായി

വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതി യാഥാർഥ്യത്തിലേക്ക്‌. കേരളത്തിന്റെ സ്വപ്‍ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനാണ് പാരിസ്ഥിതിക അനുമതിയായത്.

 

മെയ് 14– 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയിരിക്കുന്നത്.

 

ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. ഭോപ്പാൽ അസ്‌ഥാനമാക്കിയ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത അസ്‌ഥാനമാക്കിയ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് ലിന്‍റോ ജോസഫ് എംഎല്‍എ അറിയിച്ചു.

 

ഇരട്ട തുരങ്കങ്ങളായാണ്‌ നിർമാണം. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്‌. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്‌റ്റം, ടെലിഫോൺ സിസ്‌റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ്‌ റൂട്ട്‌ ലൈറ്റിങ്‌, ട്രാഫിക്‌ ലൈറ്റ്‌, സിസിടിവി, എമർജൻസി കോൾ സിസ്‌റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.

 

അമിത ഉയരമുള്ള വാഹനങ്ങൾ കണ്ടെത്തി സിഗ്‌നൽ നൽകും. ഓരോ 300 മീറ്ററിലും ക്രോസ്‌ പാസേജുകൾ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമേ അടിപ്പാതയും സർവീസ്‌ റോഡുമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *