NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്‌മായില്‍ നബിയുടെയും ത്യാഗത്തിന്‍റെ ഓര്‍മ്മകളുമായി കേരളത്തിലെ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.

ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമായ ഇന്ന് വിവിധ ജമാ-അത്തുകളുടെ നേതൃത്വത്തില്‍ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം ആരംഭിച്ചു. രാവിലെ ഏഴുമുതലാണ് ഈദ്ഗാഹുകള്‍ ആരംഭിച്ചത്.

ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ സഹനത്തിൻ്റെ സ്‌മരണ പുതുക്കലായാണ് ഇസ്‌ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തൻ്റെ ആദ്യ പുത്രനായ ഇസ്‌മായിലിനെ അല്ലാഹുവിൻ്റെ കൽപന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്നത്തെ ദിവസം.

അതിനാലാണ് ആത്മ സമർപ്പണത്തിൻ്റെ പ്രതീകമായി ഇസ്‌ലാം മത വിശ്വാസികൾ ഈ ദിവസത്തെ നോക്കിക്കാണുന്നത്. ഈ ഐതിഹ്യം പേറുന്നതിനാലാണ് ബലി പെരുന്നാൾ എന്ന് ഇന്നേ ദിവസത്തെ അറിയപ്പെടുന്നതും വിശ്വാസികൾ അല്ലാഹുവിൻ്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്തുന്നതും.

ബലിയർപ്പിക്കുന്ന ആടിനെ മൂന്നായി ഭാഗിച്ച് ബന്ധുമിത്രാദികൾക്കും പാവപ്പെട്ടവനും ബലി നൽകിയവർക്കുമായി നൽകും. 400 ഗ്രാം സ്വർണത്തേക്കാൾ കൂടുതൽ സമ്പത്തുള്ള ഓരോ ഇസ്ലാം മത വിശ്വാസിയും ബലി നൽകണമെന്നാണ് പ്രമാണം.

ഏവർക്കും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ബലി പെരുന്നാൾ ആശംസകൾ നേരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *