കണ്ണമംഗലത്ത് നിന്ന് വീണ്ടും വാഷും വാറ്റുപകരണങ്ങളും പിടികൂടി.


പരപ്പനങ്ങാടി: വേങ്ങര കണ്ണമംഗലത്ത് നിന്ന് വീണ്ടും വാഷും വാറ്റുപകരണങ്ങളും പിടികൂടി. മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ പരപ്പനങ്ങാടി എക്സൈസിന് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ണമംഗലം വട്ടപൊന്തലാവോട് നിന്നും ചാരായ നിർമാണത്തിനായി പാകപ്പെടുത്തിയ 115 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി. പ്രജോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ക്കിടെ പരപ്പനങ്ങടി എക്സൈസ് വ്യത്യസ്ത കേസുകളിലായി 425 ലിറ്ററോളം വ്യാജ ചാരായ നിർമാണ കേസുകൾ കണ്ടെത്തിയിരുന്നു. ലോക്ക് ഡൗൺ മൂലം മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാതായതോടെ ഈ മേഖലകളിൽ വ്യാജമദ്യമെത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചിരുന്നു.
ഈ മേഖലകളിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. റെയ്ഡിൽ ഇൻറലിജൻസ് പ്രിവൻ്റീവ് ഓഫീസർ വി.കെ. സൂരജ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശിഹാബുദ്ദീൻ, സി. സാഗിഷ്, ആർ.യു.സുഭാഷ്,വനിത ഓഫീസർ പി. സിന്ധു, ഡ്രൈവർ വിനോദ് തുടങ്ങിയവരും പങ്കെടുത്തു.