NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമ്മയുടെ കൊടും ക്രൂരത, 4 വയസ്സുകാരനെ 25 അടി താഴ്ചയുള്ള കിണറ്റിലെറിഞ്ഞു; മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന കുഞ്ഞിനെ രക്ഷിച്ചത് നാട്ടുകാർ

പാലക്കാട് 4 വയസ്സുകാരനെ 25 അടി താഴ്ചയുള്ള കിണറ്റിലെറിഞ്ഞ് അമ്മയുടെ കൊടും ക്രൂരത. കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപമാണ് നാലുവയസ്സുകാരനെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. നാട്ടുകാരാണ് കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന കുഞ്ഞിനെ രക്ഷിച്ചത്.

പമ്പാമ്പള്ളം മംഗലത്താൻചള്ളയിലാണ് സംഭവം നടന്നത്. കിണറ്റിൽനിന്ന് കുഞ്ഞിൻ്റെ ശബ്‌ദം കേട്ടാണ് വീടിനോട് ചേർന്ന് മറ്റൊരു വീടിൻ്റെ നിർമാണജോലികൾ ചെയ്യുകയായിരുന്ന നാലുപേർ ഓടിയെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. 25 അടി താഴ്ചയുള്ള കിണറാണിത്. ഇതിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ശരീരത്തിൻ്റെ പകുതിയോളം വെള്ളത്തിലായി കിണറിലുണ്ടായിരുന്ന മോട്ടോറിന്റെ പൈപ്പിൽ പിടിച്ചുനിൽക്കുന്ന വിധത്തിലാണ് കുട്ടിയുണ്ടായിരുന്നത്.

 

കുഞ്ഞിന്റെ നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിൽ ഇലക്ട്രിസിറ്റി ജോലികൾ ചെയ്യുകയായിരുന്ന സജിയാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ മൂന്നു തൊഴിലാളികളും എത്തി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. ഇതിനിടെ നാട്ടുകാരാണ് സംഭവം പൊലീസിനെ വിളിച്ചറിയിച്ചത്.

അമ്മയാണ് കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് കുഞ്ഞ് പറഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പാമ്പാമ്പള്ളം സ്വദേശി ശ്വേതക്കെതിരേ (22) വധശ്രമത്തിന് വാളയാർ പോലീസ് കേസെടുത്തു. തുടർന്ന് ശ്വേതയെ പൊലീസ് അറസ്റ്റു ചെയ്‌തു.

 

മംഗലത്താൻചള്ളയിലെ വാടകവീട്ടിലാണ് ശ്വേതയും അമ്മയും കുഞ്ഞും താമസിക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് ശ്വേത. ഒരു മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഭർത്താവുമായി പിണങ്ങി താമസിക്കുകയാണ് വിവരമെന്ന് അയൽവാസികളായ ഭാഗ്യരാജ് പറഞ്ഞു.

 

കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കിയാണ് ദിവസവും ജോലിക്ക് പോകുന്നതെന്നും പലപ്പോഴായി കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഭാഗ്യരാജ് പറഞ്ഞു. കുഞ്ഞിൻ്റെ നിലവിളി കേട്ടാണ് എല്ലാവരും ഓടിച്ചെന്നത്. ഈ സമയം ശ്വേത കിണറ്റിനരികെ കുഞ്ഞിനെ രക്ഷിക്കണമെന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നെന്നും ഭാഗ്യരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *