ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സൗജന്യമായി സ്ഥലം നൽകി; പരപ്പനങ്ങാടിയിൽ ഹൈദരലി തങ്ങളുടെ പേരിൽ അങ്കൺവാടിക്ക് കെട്ടിടം ഒരുങ്ങുന്നു ;
1 min read
ഭൂമിയുടെ രേഖ നഗരസഭാ അധികൃതർക്ക് മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അലി തെക്കേപ്പാട്ട് കൈമാറുന്നു.

പരപ്പനങ്ങാടി : വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കൺവാടിക്ക് സൗജന്യമായി സ്ഥലം നൽകി പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ.
നഗരസഭ 30-ാം ഡിവിഷനിൽ പ്രവർത്തിക്കുന്ന 63 -ാം നമ്പർ നമ്പുളം സൗത്ത് അങ്കൺവാടിയുടെ കെട്ടിട നിർമാണത്തിനാണ് ജീവകാരുണ്യ പ്രവർത്തന രംഗത്ത് പരപ്പനങ്ങാതിയിലെ ശ്രദ്ധേയമായ ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ മൂന്നര സെൻ്റ് ഭൂമി സൗജന്യമായി നൽകിയത്.
അങ്കൺവാടിക്ക് സ്ഥലം ലഭ്യമാക്കി കെട്ടിടം ഉണ്ടാക്കുക എന്നുള്ളത് നിരവധി കാലത്തെ ആവശ്യമായിരുന്നു.
മുപ്പതാം ഡിവിഷൻ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ വാഗ്ദാനവുമായിരുന്നു. ആ ദൗത്യം ശിഹാബ് തങ്ങൾ ഫൗണ്ടേഷനിലൂടെ നിറവേറ്റിയതിലുള്ള ചാരിതാർത്ഥ്യത്തിലാണ് ലീഗ് കമ്മിറ്റി. നമ്പുളം സൗത്ത് കളരിക്കൽ റോഡിനോട് ചേർന്നാണ് സ്ഥലം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് കെട്ടിടം ഉയരുക.
ഭൂമിയുടെ രേഖകൾ നഗരസഭാ ചെയർമാൻ പി.പി ഷാഹുൽ ഹമീദ്, വൈസ് ചെയർപേഴ്സൺ ബി.പി സാഹിദ, സെക്രട്ടറി ബൈജു പുത്തലത്തൊടി എന്നിവർക്ക് മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അലി തെക്കേപ്പാട്ട് കൈമാറി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ സുഹറ, ഡിവിഷൻ കൗൺസിലർ കുന്നുമ്മൽ ജുബൈരിയത്ത്, അങ്കണവാടി വർക്കർ സുനിത, ഡിവിഷൻ മുസ്‌ലിം ലീഗ് നേതാക്കളായ എ.പി കുഞ്ഞിമോൻ, അബ്ദുറസാഖ് ചേക്കാലി, കരണമൻ ഇബ്രാഹിംകുട്ടി, ഇ.എം.എസ് നാസർ, കെ.പി ഹുസൈൻ, ഖാദർ വളപ്പിൽ എന്നിവർ പങ്കെടുത്തു.