NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘തപാൽ ബാലറ്റുകൾ തിരുത്തിയതിൽ കേസ്’; ജി സുധാകരന്റെ വിവാദ പരാമർശത്തിൽ കേസെടുത്ത് പൊലീസ്

സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസ്താവനയിൽ കേസെടുത്ത് ആലപ്പുഴ പൊലീസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് കേസ്. ഐപിസി, ജനപ്രാതിനിത്യ വകുപ്പുകൾ പ്രകാരമാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്നായിരുന്നു ജി സുധാകരന്റെ വിവാദ പരാമർശം.

 

സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടറോട് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പുന്നപ്രയിലെ ജി സുധാകരന്റെ വീട്ടിലെത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. മൊഴിയെടുത്തതിന് പിന്നാലെ ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

 

കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നും സിപിഐയുടെ വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്നത് പൊതുവേ പറഞ്ഞതാണ്. അത് അല്പം ഭാവന കലര്‍ത്തിപ്പറഞ്ഞതാണ്. അങ്ങനെ സംഭവിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഒരു ബാലറ്റും ആരും തിരുത്തുകയോ തുറന്നുനോക്കുകയോ ചെയ്തിട്ടില്ല. താന്‍ അതിനൊന്നും പങ്കെടുത്തിട്ടുമില്ല, ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ല. താന്‍ 20 വര്‍ഷം എംഎല്‍എയായിട്ടുണ്ട്. ഒരിക്കല്‍പ്പോലും കള്ളവോട്ട് ചെയ്യാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. അതിന്റെ ആവശ്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!