ഒരു തീവ്രവാദ ക്യാമ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം; ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ


പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് സിപിഎം പോളിറ്റ്ബ്യൂറോ രംഗത്ത്. ഭീകരവാദികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും സിപിഎം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സിപിഎം കൂട്ടിച്ചേര്‍ത്തു.
പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും തീവ്രവാദ ക്യാമ്പുകളും അവരുടെ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. സായുധ സേനയുടെ അഭിപ്രായത്തില്‍, ഈ ആക്രമണങ്ങള്‍ കേന്ദ്രീകരിച്ചും, അളന്നതും, വ്യാപനരഹിതവുമായിരുന്നു, ഒമ്പത് സ്ഥലങ്ങളില്‍ വിജയകരമായി ദൗത്യം നടത്തി.
കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍, തീവ്രവാദികള്‍ക്കും അവരെ കൈകാര്യം ചെയ്യുന്നവര്‍ക്കും എതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ നല്‍കിയിരുന്നു.
ഈ നടപടികള്‍ക്കൊപ്പം, പഹല്‍ഗാമില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്തതിന് ഉത്തരവാദികളായവരെ കൈമാറാനും പ്രദേശത്ത് ഒരു തീവ്രവാദ ക്യാമ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും പാകിസ്ഥാനില്‍ സമ്മര്‍ദ്ദം തുടരണം. ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സിപിഎം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
പോളിറ്റ്ബ്യൂറോയുടെ പത്രക്കുറിപ്പിന് പിന്നാലെ യൂണിയന്‍ സര്‍ക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്.