NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ.

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി.റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് നൽകി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്പലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്.

78 വയസുള്ള രാധയെയാണ് മകൻ വീട്ടിൽ നിന്ന് പുറത്താക്കിയത്.

2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആർഡിഒക്ക് പരാതി നൽകുന്നത്. കഴിഞ്ഞ ഏഴുവർഷത്തിലധികമായി മകനിൽ നിന്ന് ശാരീരിക ആക്രമണങ്ങൾ നേരിട്ടെന്നും അമ്മയുടെ പരാതിയുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മകൻ ജില്ലാകലക്‌ടറെ സമീപിക്കുകയും ചെയ്‌തു. എന്നാൽ ജില്ലാ കലക്‌ടറും അമ്മക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.

അമ്മയെ വീട്ടിൽ കയറ്റണമെന്ന ജില്ലാകലക്‌ടറുടെ ഉത്തരവിനെതിരെ മകൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.

ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാൻ സമയം അനുവദിക്കണമെന്നായിരുന്നു മകന്റെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചുദിവസം സമയം നൽകിയെങ്കിലും മകൻ മാറാൻ തയ്യാറായില്ല.

ഇതോടെയാണ് ഇന്നലെ വൈകിട്ട് സബ് കലക്‌ടർ ദിലീപിന്റെ നേതൃത്വത്തിലുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി പൊലീസുമെത്തി. എന്നാൽ ഈ സമയത്ത് രാധയുടെ മകൻ്റെ മകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ വാതിലടച്ച് വീട്ടിലിരുന്നു. ഒടുവിൽ ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!