പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ജില്ലയില്‍ പെരുവള്ളൂരില്‍ പേവിഷബാധ മൂലം പെണ്‍കുട്ടി മരണപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു.
1. തെരുവു മൃഗങ്ങള്‍ മാത്രമല്ല വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താല്‍ പോലും പേവിഷബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
2. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ മുറിവ് പറ്റിയ ഭാഗം പതിനഞ്ച് മിനിട്ട് ധാരയായി ഒഴുകുന്ന, ടാപ്പ് തുറന്നു വിട്ട വെള്ളത്തിലോ കപ്പില്‍ കോരി ഒഴിക്കുന്ന വെള്ളത്തിലോ സോപ്പ് ഉപയോഗിച്ച് കഴുകണം. മുറിവ് കെട്ടി വെക്കാന്‍ പാടില്ല.
3. എത്രയും വേഗം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം/താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറെ കാണിക്കുകയും പേവിഷബാധക്ക് എതിരെയുള്ള വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുകയും വേണം.
4. ഗുരുതരമായ കാറ്റഗറി മൂന്നില്‍ പെട്ട കേസുകള്‍ക്ക് വാക്‌സിന് പുറമെ ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പ് കൂടി എടുക്കണം. വന്യമൃഗങ്ങളുടെ കടിയോ, മാന്തലോ ഉണ്ടായാലും കാറ്റഗറി മൂന്നായാണ് പരിഗണിക്കുന്നത്.
5. മലപ്പുറം ജില്ലയിലെ എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധക്ക് എതിരെയുള്ള പ്രതിരോധ വാക്‌സിന്‍ ലഭ്യമാണ്.
6. ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രികളായ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും മലപ്പുറം, തിരുരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, പൊന്നാനി, എന്നീ താലൂക്ക് ആശുപത്രികളിലും പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഇമ്മ്യൂണോഗ്ലോബുലിന്‍ ലഭ്യമാണ്.
7. വളര്‍ത്തു നായകള്‍ക്ക് സമയാസമയങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കണം. വാക്‌സിനേഷന്‍ എടുത്താലും അവയില്‍ നിന്ന് കടിയേറ്റാല്‍ പേവിഷബാധക്കുള്ള വാക്‌സിന്‍ എടുക്കണം.
8. സ്ഥിരമായി മൃഗങ്ങളില്‍ നിന്ന് കടിയേല്‍ക്കാന്‍ സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുന്‍കൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണ്.
9. മുന്‍കാലങ്ങളിലേതു പോലെ പൊക്കിളിനു ചുറ്റും കുത്തിവെക്കുന്ന കഠിനമായ കുത്തിവെപ്പ് രീതിയല്ല ഇന്നുള്ളത്. തൊലിപ്പുറത്തോ, പേശികളിലോ എടുക്കുന്ന ലളിതമായ കുത്തിവെയ്പ് രീതിയാണ് നിലവിലുള്ളത്.