NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുത്തിവെയ്‌പ്പെടുത്തിട്ടും പേവിഷ ബാധയുടെ കാരണം!, അഞ്ചര വയസുകാരി മരിച്ചതിന്റെ ഞെട്ടലിൽ മലയാളികൾ.

പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ശേഷവും പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചര വയസുകാരി മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളികൾ.

 

കേരളത്തിലെ റോഡുകളിലൂടെ ജീവൻ പണയം വച്ചാണ് കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരും യാത്ര ചെയ്യുന്നത് തന്നെ. പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടി മരിച്ചത് എങ്ങനെയെന്ന സംശയമാണ് ആളുകളെ ആശങ്കയിലാക്കുന്നത്.

കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ​ഗുരുതരവും ആഴത്തിലുള്ളതുമായതിനാൽ വാക്സിൻ ഫലപ്രദമായില്ല എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. കുട്ടിയുടെ തലയ്ക്കും കാലിനുമാണ് പട്ടിയുടെ കടിയേറ്റത്.

 

എവിടെ കടിയേറ്റോ അവിടെ നിന്നും നാഡികളിലൂടെയാണ് വൈറസിന്റെ പിന്നീടുള്ള യാത്ര. കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ കടിയേറ്റാൽ വൈറസ് തലച്ചോറിലെത്താൻ ഏറെ സമയമെടുക്കും.

എന്നാൽ തല, മൂക്ക്, ചെവി, ചുണ്ട്, മുഖം, കഴുത്ത്, വിരൽത്തുമ്പുകൾ എന്നീ ഭാഗങ്ങളിൽ നാഡികൾ കൂടുതലായതിനാൽ വളരെ പെട്ടെന്ന് വൈറസ് തലച്ചോറിനെ ബാധിക്കും. ഇതാണ് തലയ്ക്കും കാലിനും കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ഐഡിആർബി വാക്സിൻ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കാൻ കാരണമായത്.

 

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ വളരെ പെട്ടെന്ന് പേവിഷബാധ ഉണ്ടാകാനുള്ള മറ്റൊരു കാരണം കുട്ടികൾക്ക് ഉയരം കുറവായിരിക്കും എന്നതിനാലാണ്. മുതിർന്നവരെ മിക്കപ്പോഴും കാലിലോ ശരീരത്തിന്റെ താഴെ ഭാഗങ്ങളിലോ ഒക്കെ ആയിരിക്കും പട്ടി കടിക്കുക. താഴെ വീണു കഴിഞ്ഞാലാണ് മറ്റ് ഭാഗങ്ങളിൽ കടിയേൽക്കുക. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അങ്ങനെയല്ല. ഉയരം കുറവായതിനാൽ തലയിലോ കഴുത്തിലോ മുഖത്തുമൊക്കെ കടിയേൽക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് പേവിഷബാധ പെട്ടെന്ന് ഏൽക്കാനുള്ള സാധ്യത കൂട്ടുന്നു.

 

കടിയേറ്റ ഭാഗത്തെ മുറിവിലൂടെയാണ് പേപ്പട്ടിയുടെ ഉമിനീരിൽ നിന്നുള്ള വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടക്കുക. പട്ടി മാത്രമല്ല, പൂച്ച, കുരങ്ങ്, കുതിര, ആടുമാടുകൾ എന്നിവ കടിച്ചാലും രോഗം ബാധിച്ചേക്കാം. രോഗം ബാധിച്ച മൃഗങ്ങൾ മനുഷ്യനെ മാന്തുകയോ, മുറിവുകളിൽ നക്കുകയോ ചെയ്താലും ഉമിനീരിലൂടെ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ചു പേവിഷബാധയുണ്ടാകും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പേവിഷബാധ പകരാൻ സാധ്യത കുറവാണ്. എന്നിരുന്നാലും രോഗിയെ പരിചരിക്കുന്നവർ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കേണ്ടത്. വൈറസുകൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ സാധാരണഗതിയിൽ 20 മുതൽ 90 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.

എന്നാൽ ഇത് ഏതാനും ദിവസങ്ങൾക്കുള്ളിലോ ചിലപ്പോൾ ഒരു വർഷം വരെയോ സമയം എടുത്തെന്നും വരാം. മുഖത്തും മറ്റും കടിയേറ്റാൽ പെട്ടെന്ന് രോഗലക്ഷണങ്ങൾ പ്രകടമാകും. സുഷുമ്‌നാ നാഡിയിലും തലച്ചോറിലും എത്തുന്ന വൈറസ് അവിടെ വച്ച് പെരുകുകയും അവിടെ നിന്ന് തിരിച്ച് നാഡികളിലൂടെ യാത്ര ചെയ്ത് ഉമിനീർ ഗ്രന്ഥി, ഹൃദയം, ചർമം എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് പേവിഷബാധയുടെ പ്രാരംഭ ലക്ഷണം. റാബിസും ഒരു മസ്തിഷ്‌ക ജ്വരം ആണ്. പനി റാബിസാണെന്ന് സംശയിപ്പിക്കുന്ന ലക്ഷണങ്ങൾ പിന്നീടാണ് ഉണ്ടാവുക. കടിയേറ്റഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചിൽ എന്നിവയുണ്ടായാൽ വൈറസ് ബാധ നാഡികളെ ബാധിച്ചു കഴിഞ്ഞു എന്നുറപ്പിക്കാം.രണ്ട് തരം കുത്തിവയ്പുകളാണ് പേവിഷബാധയ്ക്ക് ഉള്ളത്. മുറിവിന്റെ കാഠിന്യം അനുസരിച്ച് ഡോക്ടർ ഇത് നിർദേശിക്കും. ഇൻട്രാഡെർമൽ റാബിസ് വാക്സീൻ (ഐഡിആർവി), ആന്റി ബോഡി അഥവാ ഇമ്മ്യൂണോ ഗ്ലോബുലിൻ കുത്തിവയ്പ് എന്നിവയാണ് ഇവ. ഇനി പട്ടി കടിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് നോക്കാം.. പേപ്പട്ടി ഓടിവരുന്നത് കണ്ടാൽ സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കുകയോ ഉയരത്തിലേക്ക് കയറി നിൽക്കുകയോ ചെയ്യാവുന്നതാണ്. ഓടുന്നതിനിടയിൽ വീണാൽ മുഷ്ടികൾ ചുരുട്ടി രണ്ട് ചെവികളും പൊത്തി തലയുടെ ഭാഗത്തും വിരലുകളുടെ അറ്റത്തും കടിയേൽക്കാത്ത വിധത്തിൽ ചുരുണ്ടു കിടന്നും കടിയേൽക്കാതിരിക്കാൻ ശ്രമിക്കാവുന്നതാണ്.

വികസിത രാജ്യങ്ങൾ പേവിഷബാധയെ തുടച്ചുനീക്കിയെങ്കിലും ഇന്ത്യയിൽ ഇപ്പോഴും വലിയ പൊതുജന്യരോഗ പ്രശ്നമാണ് റാബിസ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!