തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ നവീകരണത്തിന് സ്പോണ്‍സര്‍ഷിപ്പിലൂടെ സാധനങ്ങള്‍ വാങ്ങിയെന്ന് സമ്മതിച്ച് പൊലീസ്: മുഖ്യമന്ത്രിയുടെ വാദം തള്ളി..!


തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ നവീകരണത്തിന് സ്പോണ്‍സർഷിപ്പിലൂടെ സാധനസാമഗ്രികള്‍ വാങ്ങിയതായി സമ്മതിച്ചു പൊലീസ്. തൃശ്ശൂർ റേഞ്ച് ഡിഐജി പരാതിക്കാരന് നല്‍കിയ മറുപടിയിലാണ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യമായി സാധനങ്ങള്‍ വാങ്ങിയതായി പറയുന്നത്.
എന്നാല്‍ സ്പോണ്‍സർഷിപ്പ് സ്വീകരിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നത്. കെ പി എ മജീദ് എംഎല്‍എ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിനാണ് പൊലീസ് സ്റ്റേഷൻ നവീകരണത്തിന് ആരില്‍ നിന്നും പാരിതോഷികമായൊ അല്ലാതെയോ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
3,07,2452 രൂപ തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് ചെലവഴിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തള്ളുന്നതാണ് തൃശ്ശൂർ റേഞ്ച് ഡി ഐ ജി പരാതിക്കാരന് നല്‍കിയ കത്തിലുള്ളത്.
സ്റ്റേഷൻ പരിധിയിലെ ഏതാനും സ്ഥാപനങ്ങളില്‍ നിന്ന് സാധന സാമഗ്രികള്‍ പൊതുനന്മ ഉദ്ദേശിച്ചു വാങ്ങിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന മണല്‍ ലോറി യില്‍ നിന്ന് നിർമ്മാണത്തിനായി മണല്‍ എടുത്തു എന്നുള്ള ആരോപണവും ഉയർന്നിരുന്നു. എന്നാല്‍ ഇതിന് തെളിവില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
ഈ വിഷയത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡിഐജിയുടെ കത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടിക്രമലംഘനങ്ങള്‍ ഉണ്ടായതായും വീഴ്ച പറ്റിയതായി കണ്ടെത്തുകയും. ഉദ്യോഗസ്ഥർക്കെതിരെ ശാസന നല്‍കിയതായും പറയുന്നുണ്ട്.