പുതിയ എല്‍.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായി.


പുതിയ എല്‍ ഡി എഫ് സര്‍ക്കാറിലെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായി. 21 മന്ത്രിമാരാകും രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലുണ്ടാവുക. സി.പി.എമ്മിന് മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവുമുണ്ടാകും. സി. പി.ഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും ലഭിക്കും. ജെ.ഡി.എസിനും എന്‍.സി.പിക്കും ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.
ഒറ്റ എം.എല്‍.എമാരുളള ചെറുപാര്‍ട്ടികളില്‍ നാല് പേര്‍ക്ക് ഊഴം അനുസരിച്ച് മന്ത്രി സ്ഥാനം നല്‍കും. ആദ്യഘട്ടത്തില്‍ ഐ എന്‍ എല്ലിലെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും മന്ത്രിയാകും. രണ്ടാം ടേമില്‍ കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും മന്ത്രിയാകും. ഇവരുടെ വകുപ്പ് ഏതെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനറും സി പി എം ആക്ടിംഗ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്‍ ഡി എഫ് യോഗത്തിലെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനമെന്നും ജോസ് കെ മാണി പ്രതികരിച്ചു. എല്ലാ ചെറുകക്ഷികള്‍ക്കും മന്ത്രി സ്ഥാനം നല്‍കുമെന്ന മുന്നണി യോഗത്തിലെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു.
ഐ എന്‍ എല്ലിനെ സംബന്ധിച്ച് ചരിത്ര നിയോഗമാണ് മന്ത്രി സ്ഥാനം ലഭിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രതികരിച്ചു. ലീഗിന്റെ കോട്ടയായ കോഴിക്കോട് സൗത്ത് പൊളിച്ചാണ് അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയിലെത്തിയത്. 27 വര്‍ഷത്തോളം മുന്നണിക്ക് പുറത്ത് നിന്ന ശേഷം എല്‍ ഡി എഫിന്റെ ഭാഗമായ ഐ എന്‍ എല്ലിനെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ് മന്ത്രിസ്ഥാനത്തോടെ ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ഷങ്ങളായി കുത്തകയാക്കിവെച്ചിരുന്ന കോണ്‍ഗ്രസിലെ ശിവകുമാറിനെ അട്ടിമറിച്ചാണ് ആന്റി രാജു നിയമസഭയിലെത്തിയത്. പാര്‍ട്ടിയിലെ പലരും യു ഡി എഫിലേക്ക് തിരിച്ച് പോയപ്പോള്‍ എല്‍ ഡി എഫിനൊപ്പം ഉറച്ച് നിന്നതില്‍ തനിക്ക് ലഭിച്ച അംഗീകാരമാണ് മന്ത്രി സ്ഥാനമെന്ന് ആന്റണി രാജു പ്രതികരിച്ചു.
ഇന്നത്തെ എല്‍.ഡി.എഫ് യോഗത്തില്‍ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനമായതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. എല്ലാ ഘടകക്ഷി നേതാക്കളും ആഘോഷത്തില്‍ പങ്കെടുത്തു.