കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; പി.വി അന്‍വർ യു.ഡി.എഫിലേക്ക്


നിലമ്പൂര്‍ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ രാഷ്ട്രീയ പ്രവേശന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അന്‍വറിന്റെ മുന്നണി പ്രവേശനത്തിന് നിര്‍ണായക ഘട്ടമാണ്. സ്വന്തം പാര്‍ട്ടിയായ ഡിഎംകെ മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസുവരെ എത്തിനില്‍ക്കുമ്പോഴും അന്‍വറിന് രാഷ്ട്രീയ ഭാവി ചോദ്യ ചിഹ്നമായിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ രണ്ട് ഉപാധികളാണ് പ്രധാനമായും യുഡിഎഫിന് മുന്നില്‍ വച്ചിരുന്നത്. താന്‍ നിര്‍ദ്ദേശിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കുക അല്ലെങ്കില്‍ തനിക്ക് മുന്നണി പ്രവേശനം അനുവദിക്കുക എന്നിങ്ങനെയായിരുന്നു ഉപാധികള്‍. ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്ക്ക് ആണ് പിവി അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചത്.
ആര്യാടന്‍ ഷൗക്കത്തിനെതിരെ ആയിരുന്നു പിവി അന്‍വര്‍ നിലപാടെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായ പിവി അന്‍വറിനെ യുഡിഎഫ് മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിമാരമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സമില്ലെന്നാണ് ഹൈക്കമാന്റ് കേരള നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ബംഗാളില്‍ തൃണമൂലിനെതിരെ അരയും തലയും മുറുക്കി കോണ്‍ഗ്രസ് രംഗത്തുള്ളപ്പോഴാണ് കേരളവുമായി ബന്ധപ്പെട്ട് മറിച്ചൊരു തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്തിരിക്കുന്നത്. പ്രാദേശിക സഖ്യങ്ങള്‍ക്ക് ദേശീയ നിലപാട് ബാധകമല്ല എന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. മതേതര പാര്‍ട്ടികളെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ തെറ്റില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.