NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമൃത് കുടിവെള്ള പദ്ധതി : പരപ്പനങ്ങാടിയിൽ ശിലാസ്ഥാപനം നടത്തി

1 min read

പരപ്പനങ്ങാടി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി 22 കോടി രൂപ ചെലവിൽ പാലത്തിങ്ങൽ നിർമ്മിക്കുന്ന ജലശുദ്ധീകരണ  സംവിധാനത്തോട് കൂടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപനം പാലത്തിങ്ങലിലെ പദ്ധതി പ്രദേശത്ത് കെപിഎ മജീദ് എംഎൽഎയുടെ അധ്യക്ഷതയിൽ ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി നിർവഹിച്ചു.

പരപ്പനങ്ങാടി നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കുന്നതിനായി കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമഗ്ര കുടിവെള്ള പദ്ധതി പരപ്പനങ്ങാടി നഗരസഭ നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നഗരസഭയുടെ അധീനതയിലുള്ള പാലത്തിങ്ങലിലെ 60 സെൻറ് സ്ഥലത്ത് 90 ലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ജലശുദ്ധീകരണശാല, ഏഴ്‌ ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി, 250 മീറ്റർ നീളത്തിൽ 400mm ഡിഎൽ റോ വാട്ടർ പമ്പിങ് മെയിൻ, ട്രാൻസ്ഫോമർ, പമ്പ് സെറ്റുകൾ എന്നിവയാണ് സ്ഥാപിക്കുന്നത്.

നഗരസഭയിലുള്ള 3,000 ത്തോളം കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷനുകൾ നൽകുന്ന പ്രവർത്തിയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാലത്തിങ്ങലിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന കേരള വാട്ടർ അതോറിറ്റിയുടെ ഇൻഫിൽട്രേഷൻ ഗാലറി കിണറും പമ്പ് ഹൗസും ഉപയോഗിച്ച് നഗരസഭയിലെ 700 ഓളം കുടുംബങ്ങൾക്കും 250 ഓളം പൊതു ടാപ്പുകളിലും ശുദ്ധജല വിതരണം നടത്തുന്നുണ്ട്. ഇതിനായി പാലത്തിങ്ങലിൽ നിലവിലുള്ള കിണറും, പമ്പ് ഹൗസും അമൃത് പദ്ധതിയുടെ വാട്ടർ സോഴ്സ് ആയി ഉപയോഗപ്പെടുത്തും.

അമൃത് പദ്ധതിയുടെ അഡീഷണൽ പ്രൊപ്പോസൽ ഉൾപ്പെടുത്തി തീരദേശ മേഖലകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ചാപ്പപ്പടിയിലെ ഫിഷറീസ് ഹോസ്പിറ്റലിന് സമീപം 15 ലക്ഷം ലിറ്റർ വെള്ളം സംഭരണശേഷിയുള്ള ജലസംഭരണിയുടെ നിർമ്മാണവും, 3000 പുതിയ ഗാർഹിക കണക്ഷനുകൾ നൽകലും, ജലവിതരണ പൈപ്പുകൾ സ്ഥാപിക്കലും ഉൾപ്പെടെ 15 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള ഭരണാനുമതി ഉടൻ ലഭ്യമാകും.

പരപ്പനങ്ങാടി നഗരസഭയിലുടനീളം 150 കിലോമീറ്റർ നീളത്തിൽ പുതുതായി വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനും, നിലവിലുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിനും, ശേഷിക്കുന്ന ആറായിരത്തോളം വീടുകളിൽ ഗാർഹിക കണക്ഷൻ നൽകുന്നതിനുമായി സർവ്വേ പൂർത്തീകരിച്ച് 80 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് പരപ്പനങ്ങാടി നഗരസഭയ്ക്ക് വേണ്ടി കേരള വാട്ടർ അതോറിറ്റി തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടുകൂടി നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് പൂർണ്ണമായും പരിഹാറിക്കാനാകും. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി എം പി അബ്ദുസമദ് സമദാനി അറിയിച്ചു.

കേരള വാട്ടർ അതോറിറ്റി പി എച്ച് സബ് ഡിവിഷൻ പരപ്പനങ്ങാടി, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജ്മൽ കാലടി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ബി.പി ഷാഹിദ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി നിസാർ അഹമ്മദ്, സീനത്ത് ആലി ബാപ്പു, വി കെ സുഹ്റ, ഖൈറുന്നിസാ താഹിർ, നഗരസഭ മുൻ ചെയർമാൻ എ ഉസ്മാൻ, നഗരസഭ കൗൺസിലർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് സ്വാഗതവും ഡിവിഷൻ കൗൺസിലർ അസീസ് കൂളത്ത് ചടങ്ങിന് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!