‘ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം’; പ്രധാനമന്ത്രിക്ക് കത്തെഴുതി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
1 min read

ഇന്ത്യക്ക് നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 2025 ഏപ്രിൽ 22 ന് ജിദ്ദയിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുമ്പോൾ, സൗദി നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉൾപ്പെടുത്താൻ സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.
2025-ൽ ഇന്ത്യൻ തീർഥാടകർക്കുള്ള പൂർണ്ണ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാരിനെ പ്രേരിപ്പിക്കുന്നതിൽ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഇസ്ലാമിന്റെ അഞ്ച് തൂണുകളിൽ ഒന്നാണ് ഹജ്ജ്. ഈ പുണ്യ തീർത്ഥാടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിംകളുണ്ട്. ക്വാട്ടയിലെ കുറവ് ഈ ആത്മീയ ബാധ്യത നിറവേറ്റുന്നതിനായി വർഷങ്ങളായി തയ്യാറെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ദുരിതത്തിന് കാരണമായിട്ടുണ്ടെന്ന് കത്തില്‍ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ദീർഘകാലവും ബഹുമുഖവുമായ പങ്കാളിത്തമാണ് ഇന്ത്യയും സൗദി അറേബ്യയും പങ്കിടുന്നത്. ഈ വിഷയം അഭിസംബോധന ചെയ്യുന്നത് വഴി ദശലക്ഷക്കണക്കിന് ആളുകളുടെ മതവികാരങ്ങളെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും സാദിഖലി ശിഹാബ് തങ്ങൾ കത്തിൽ പറഞ്ഞു.