പെൺസുഹൃത്തിനെ സ്യൂട്ട്കേസിലൊളിപ്പിച്ച് ആൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമം; ബമ്പ് ചതിച്ചു, കയ്യോടെ പിടികൂടി ഗാർഡുകൾ


പെൺസുഹൃത്തിനെ സ്യൂട്ട്കേസിനുള്ളിലാക്കി ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിയിൽ. ഹരിയാനയിലെ സോനിപത്തിലെ സർവകലാശാലയിലാണ് സംഭവം. ഹോസ്റ്റൽ ഗാർഡുകൾ തടഞ്ഞുനിർത്തി ലഗേജ് തുറന്ന് പരിശോധിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
സ്യൂട്ട്കേസ് കൊണ്ടുവരുമ്പോൾ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി ശബ്ദമുണ്ടാക്കി. അപ്പോഴാണ് സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നിയത്. തുടർന്നായിരുന്നു പരിശോധന. അതേസമയം സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വീഡിയോയിൽ, സുരക്ഷാ ജീവനക്കാർ സ്യൂട്ട്കേസ് പരിശോധിക്കുന്നതും തുറക്കുമ്പോൾ അതിന്റെ ഉള്ളിൽ പെൺകുട്ടി ഇരിക്കുന്നതും കാണാം.
സംഭവത്തെക്കുറിച്ച് സർവകലാശാലയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ വന്നിട്ടില്ല. അതേസമയം, പെൺകുട്ടി കാമ്പസിലെ വിദ്യാർഥിയാണോ എന്നത് പുറത്തു വിട്ടിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നതും വീഡിയോ റീഷെയർ ചെയ്യുന്നതും.