എസ്ഐഒ – സോളിഡാരിറ്റി പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.


കരിപ്പൂരില്‍ വഖഫ് ഭേദഗതിക്കെതിരേ നടന്ന സോളിഡാരിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ജങ്ഷനില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മാര്‍ച്ചിന് ഡിവൈഎസ്പി അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇത് ലംഘിച്ച് സോളിഡാരിറ്റി, എസ്‌ഐഒ പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി മുന്നോട്ടു പോകുകയായിരുന്നു.
പ്രവര്‍ത്തകരെ തടയാന്‍ നേരത്തേ തന്നെ ബാരിക്കേഡുമായി പോലീസ് അണിനിരന്നിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ മാര്‍ച്ച് ഈ മേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പേ തന്നെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചിലുണ്ടായിരുന്നത്. പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി ബാരിക്കേഡിന് മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.
മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല. അനുമതി നല്‍കാത്ത സാഹചര്യത്തിലും പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി മുന്നോട്ടു പോയി. വാഹനങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുമെന്ന് നേരത്തേ ഡിവൈഎസ്പി അറിയിച്ചിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.