റിയാദിൽ വാഹനാപകടം : ചെമ്മാട് പന്താരങ്ങാടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു


റിയാദ് – അബഹയിൽ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാർ റിയാദിനടുത്ത അൽ റെയ്നിൽ അപകടത്തിൽപെട്ട് മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു . പന്താരങ്ങാടി വലിയപീടിയേക്കൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് വസീം (34) , വലിയ പീടിയേക്കൽ മുബാറക്കിന്റെ മകൻ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. റിയാദ് ബിശ റോഡിൽ അൽയ്നിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. റിയാദിലെ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവൂർ, സിദ്ദീഖ് കല്ലുപറമ്പൻ എന്നിവർ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട് . ദമാമിൽ നിന്ന് പെരുന്നാൾ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. എതിരെ വന്ന കാർ ഇവരുടെ കാറിലിടിക്കുകയായിരുന്നു . രണ്ടുപേരും തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട് . മൃതദേഹങ്ങൾ അൽറെയ്ൻ ആശുപത്രിയിലേക്ക് മാറ്റി.