NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍

1 min read

രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവര്‍ന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ബില്ലെന്ന് അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവര്‍ക്കിടയില്‍ വിവേചനവും അനീതിയുമാണ് ഈ ബില്ല് സൃഷ്ടിക്കുക. ഇന്ത്യയിലെ മുസ്ലീം ജീവിതത്തെ അപകടപ്പെടുത്താനും വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഇതിന് പിന്നില്‍. വിവിധ മതങ്ങളോടും അവരുടെ ആചാരങ്ങളോടും ഉള്ള പരസ്പര ബഹുമാനമാണ് രാജ്യാന്തര തലത്തില്‍ നമ്മുടെ രാഷ്ട്രത്തിന്റെ എക്കാലത്തെയും മികവെന്നും അബൂബക്കര്‍ മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യയിലെ ഈ ഐക്യവും പരസ്പര സ്‌നേഹവും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാവുന്നതെന്ന് കാന്തപുരം പറഞ്ഞു. ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിന് എതിരെ രാജ്യത്തെ എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി വോട്ടു ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

 

കേരളത്തിലെ ഹിന്ദു-മുസ്ലിം-ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയിലുള്ള പരസ്പരവിശ്വാസവും ഐക്യവും തകര്‍ക്കുന്ന നിലയില്‍ ചില ക്രൈസ്തവ നേതാക്കളില്‍ നിന്നുണ്ടാകുന്ന പ്രതികരണം വേദനിപ്പിക്കുന്നുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!