NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മഴക്കാല രോഗങ്ങളായ ഡെങ്കുപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.

കോവിഡ് രോഗികളുടെ വര്‍ധനവിനെ തുടര്‍ന്ന് ജില്ലയിലെ പ്രധാന ആശുപത്രികള്‍ നിറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ മറ്റു അസുഖങ്ങള്‍ പിടിപെട്ടവരെ പരിചരിക്കുന്നതിന് നിലവിലെ ചികിത്സാ സംവിധാനങ്ങള്‍ മതിയാവാതെ വരുന്ന സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കുന്നതിന് താഴെ പറയുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പ് വരുത്തുന്നതിനായി ഓരോ വാര്‍ഡ് അല്ലെങ്കില്‍ ഡിവിഷനുകളിലുള്ള ആരോഗ്യ ശുചിത്വ സമിതികള്‍ പ്രവര്‍ത്തിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഡെങ്കിപ്പനി: പൊതുജനങ്ങള്‍

സ്വീകരിക്കേണ്ട മുന്‍കരതലുകള്‍

കൊതുക് പെരുകുന്നതിനള്ള എല്ലാ സാഹചര്യവും ഒഴിവാക്കുക. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനുള്ള സാധ്യതകള്‍ ഒഴിവാക്കുക. കുപ്പികള്‍, പാത്രങ്ങള്‍, ചിരട്ടകള്‍, മുട്ടത്തോടുകള്‍, ചെടിച്ചട്ടികള്‍, വീടിന്റെ പാരപ്പറ്റുകള്‍ തുടങ്ങി വെള്ളം കെട്ടി നിന്ന് കൊതുകകള്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഫ്രിഡ്ജ് ട്രേ,  കൂളര്‍ ട്രേ,  ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകുലാര്‍വകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ കൊതുക് വല, ഇതര കൊതുക് നശീകരണ ഉപാധികള്‍ ഉപയോഗിക്കുക. റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ്ങ് ഇല്ലാത്ത സമയത്ത് ചിരട്ടകള്‍ കമഴ്ത്തി വെയ്ക്കുക.

വീടിന് പുറത്ത് വിറക്, കോഴിക്കൂട്, മറ്റ് ഷെഡുകള്‍ പോലുള്ളവ മൂടി വെക്കാന്‍ ഉപയോഗിക്കുന്ന ടാര്‍ പോളിന്‍ ഷീറ്റുകളുടെ മടക്കുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കമുകിന്‍ തോട്ടങ്ങളില്‍ വീണ് കിടക്കുന്ന പാളകളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാന്‍ സാധ്യത ഉള്ളതിനാല്‍ പാളകള്‍ കീറി ഇടുകയോ ഒരു വള്ളിയില്‍ തൂക്കി ഇടുകയോ ചെയ്യേണ്ടതാണ്. ആവശ്യമായ സാഹചര്യങ്ങളില്‍ സ്പ്രേയിംഗ്, ഫോഗിംഗ് മുതലായവ ചെയ്യുക. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക.

എലിപ്പനി

പ്രധാനമായും എലിയുടെ മൂത്രത്തിലൂടെയാണ് രോഗം പകരുന്നത്. എലിമൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാഹചര്യം ഒഴിവാക്കുക.
കാലുകളില്‍ മുറിവുകളുള്ളവര്‍ വെള്ളക്കെട്ടില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. അഥവാ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ വെള്ളത്തില്‍ നിന്ന് കയറിയതിന് ശേഷം കാലുകള്‍ സോപ്പ് ഉപയോഗിച്ച് ചൂട് വെള്ളത്തില്‍ കഴുകുക. പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഡോക്സീസൈക്കിളിന്‍ ഗുളികകള്‍ കഴിക്കുക.

മഞ്ഞപ്പിത്തം

തിളപ്പിച്ചാറിയ വെള്ളം മാത്രം കടിക്കുക. മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം ചെയ്യുക. മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. തണുത്തതും പഴകിയതും തുറന്ന് വെച്ചതുമായ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക.

ആഹാരം കഴിക്കുന്നതിന് മുമ്പും കുട്ടികള്‍ക്ക് നല്‍കുന്നതിന് മുമ്പും പാത്രങ്ങള്‍, സ്പൂണ്‍ മുതലായവ ചൂടു വെള്ളത്തില്‍ കഴുകുക. സ്വയം ചികിത്സ അപകടമാണ്. അസുഖം വന്നാല്‍ ഉടന്‍ തന്നെ ശരിയായ വൈദ്യസഹായം തേടുക.

Leave a Reply

Your email address will not be published. Required fields are marked *