ബേക്കറി നടത്തിപ്പിന്റെ മറവിൽ ലഹരിക്കടത്ത്: യുവാവ് പിടിയിൽ.


കൊണ്ടോട്ടി: തമിഴ്‌നാട് കോയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിന്റെ മറവിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിവന്ന യുവാവ് പിടിയിൽ.
പെരുവള്ളൂർ നടുക്കര സ്വദേശി നൗഷാദലി (38) ആണ് ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിലായത്.
നാലു ഗ്രാമോളം എംഡിഎംഎയും ബ്രൗൺഷുഗറും ഇയാളിൽനിന്ന് കണ്ടെടുത്തു.
വ്യാഴാഴ്ച വൈകീട്ട് നാലോടെ നെടിയിരുപ്പിൽനിന്നാണ് ഡാൻസാഫ് ടീം ഇയാളെ പിടികൂടിയത്. കാറിൽ കറങ്ങി ലഹരിവസ്തുക്കൾ വില്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.
കാർ കസ്റ്റഡിയിലെടുത്തു. അഞ്ചു മാസം മുൻപ് കാറിൽ കടത്തിയ കഞ്ചാവുമായി തമിഴ്നാട് പോലീസ് ഇയാളെ കോയമ്പത്തൂരിൽ പിടികൂടിയിരുന്നു. രണ്ടു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കോയമ്പത്തൂരിൽ നേരത്തേയും ഇയാൾ ലഹരിവസ്തുക്കൾ കടത്തിയതിന് പിടിയിലായിട്ടുണ്ട്.
ജില്ലാപോലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി. പി.കെ. സന്തോഷ്, ഡാൻസാഫ് എസ്.ഐ. ബിബിൻ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി പോലീസും ചേർന്നാണ് നൗഷാദലിയെ പിടികൂടിയത്.