തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതാക്കള്‍ ക്കിടയിലുള്ള അനൈക്യം; ചെന്നിത്തല എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ദേശീയ നേതൃത്വത്തി ലേക്കെന്ന് സൂചന


നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് സൂചന. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റുന്നതാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കാനാണ് ആലോചന. പ്രവര്‍ത്തകസമിതി അംഗമാക്കുന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്.
ചെന്നിത്തല മാറിയാൽ സ്വാഭാവികമായും കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയും മാറേണ്ടി വരും. ചെന്നിത്തലയ്ക്ക് പകരം വിഡി സതീശൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ്റെ പേരിനാണ് മുൻതൂക്കം.
അതിനിടെ, കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി. ഇടതുപക്ഷത്തെ നേരിടാന്‍ താഴെ തട്ടില്‍ സംഘടനാ സംവിധാനം പര്യാപ്തമായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കിടയിലുള്ള അനൈക്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ അനൈക്യം പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും പ്രകടമായി. ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവര്‍ത്തിച്ചു. ഇത് തന്നെയാണ് പരാജയത്തിന് പ്രധാന കാരണം. സംഘടനയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 19 സീറ്റ് ലഭിച്ചത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും അലംഭാവം കാണിച്ചു. വസ്തുതാ അന്വേഷണ സമിതി റിപ്പോര്‍ട്ടിന് ശേഷം കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് സൂചന.