NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചത്ത കടുവയുടെ വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും മുടിയും; പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

 

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി.

 

മരണ കാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകൾ മരണ കാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറ‍ഞ്ഞു.

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്.

 

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!