പീഡന ആരോപണം വന്നാല്‍ ഉടന്‍ പുരുഷന്റെ ചിത്രം പ്രസിദ്ധീകരിക്കരുത്; പുരുഷാവകാശ കമ്മീഷന്‍ വേണം, നിയമസഭയില്‍ സ്വകാര്യബില്ല് അവതരിപ്പിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ


കൊച്ചി: പുരുഷന്‍മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ നിയമസഭയില്‍ സ്വകാര്യബില്ല് അവതരിപ്പിക്കുമെന്ന് പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളി.
പണത്തിനായും മറ്റും സ്ത്രീകള്‍ വ്യാജലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് തടയിടാനാണ് ശ്രമം. താന്‍ വ്യാജപീഡന പരാതിയുടെ ഇരയാണെന്നും ആ അനുഭവം കൂടിയുള്ളതിനാലാണ് ബില്ല് അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ പീഡനപരാതിയില്‍ പെട്ടാല്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാവൂ. പണം ലക്ഷ്യമിട്ടാണ് പല സ്ത്രീകളും സത്യമല്ലാത്ത പരാതികളുമായി വരുന്നത്. നടന്‍ സിദ്ദീഖിന് എതിരെ പരാതി നല്‍കാന്‍ എന്തേ ഇത്ര വൈകിയതെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു.
മോഷണമോ ആക്രമണമോ നടന്നാല്‍ എല്ലാവരും ഉടന്‍ പോലിസില്‍ പരാതി നല്‍കും. ഇത്രയും ഗൗരവകരമായ ലൈംഗികഅതിക്രമം നടന്നാല്‍ മാത്രം എന്തുകൊണ്ട് സമയത്തിന് പരാതി നല്‍കുന്നില്ല. ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ഉടന്‍ പുരുഷന്റെ ചിത്രം വാര്‍ത്തയായി നല്‍കും.
പരാതിക്കാരിയുടെ ചിത്രം കൊടുക്കുന്നില്ലെങ്കില്‍ ആരോപണം തെളിയുന്നതുവരെ പുരുഷന്റെ ചിത്രം നല്‍കരുതെന്നും എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.